Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റമുണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ സര്‍വീസിലെ താത്കാലിക, കരാര്‍ നിയമനങ്ങളില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണകാലത്ത് വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടന്ന ‘പിന്‍വാതില്‍’ നിയമനങ്ങള്‍ അവസാനിപ്പിക്കാനാണ് യു.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനകളുടെ നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം തിരിച്ചുള്ള കണക്കെടുപ്പ് കോണ്‍ഗ്രസ് സംഘടനകള്‍ ആരംഭിച്ചു കഴിഞ്ഞു.

video
play-sharp-fill

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ നീളുന്ന വിപുലമായ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിക്കപ്പെടുന്ന തസ്തികകള്‍ കണ്ടെത്തി അവരെ പിരിച്ചുവിടാനാണ് ആദ്യ നീക്കം. ഡി.പി.ഐ, ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, റവന്യു തുടങ്ങിയ പ്രധാന വകുപ്പുകളിലെല്ലാം ഈ പരിശോധന പുരോഗമിക്കുകയാണ്. സര്‍വീസിലെ ഇടതുപക്ഷ സ്വാധീനം അടിമുടി പിഴുതെറിയുകയാണ് പുതിയ ഭരണകൂടത്തിന്റെ ലക്ഷ്യം.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുപക്ഷ അനുകൂലികള്‍ വലിയ തോതില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് യു.ഡി.എഫ് സംഘടനകളുടെ വിലയിരുത്തല്‍. ഓഫീസ് അറ്റന്‍ഡന്റ് മുതല്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ് വരെയുള്ള തസ്തികകളില്‍ കഴിഞ്ഞ ഭരണകാലത്ത് മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നടന്നതായി ഇവര്‍ ആരോപിക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ പിരിച്ചുവിടല്‍ നടപടികളിലേക്ക് കടക്കും.
കുടുംബശ്രീ മിഷനുകളിലാണ് ഇതിന്റെ ആദ്യ ചലനങ്ങള്‍ കണ്ടുതുടങ്ങിയത്. സംസ്ഥാന-ജില്ലാ മിഷനുകളിലെ കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിറക്കി കഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഏറ്റവും വലിയ ശൃംഖലയായ കുടുംബശ്രീയില്‍ നിന്ന് ഇടതുപക്ഷ പ്രവര്‍ത്തകരെ ഒഴിവാക്കി പകരം യു.ഡി.എഫ് അനുഭാവികളെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തൊട്ടുമുമ്പുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച താത്കാലികക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. അന്ന് ഒഴിവുവന്ന തസ്തികകളില്‍ പി.എസ്.സിക്ക് വിടാതെ തന്നെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച്‌ നിയമനം നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പത്തു വര്‍ഷമായി ഒരേ തസ്തികയില്‍ തുടരുന്ന കരാര്‍ ജീവനക്കാരെ വരെ ഇക്കുറി മാറ്റാനാണ് സംഘടനകളുടെ തീരുമാനം.

ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന താത്കാലികക്കാര്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തെയും വിവരശേഖരണത്തെയും സ്വാധീനിക്കുന്നുണ്ടെന്നാണ് സര്‍വീസ് സംഘടനകളുടെ കണ്ടെത്തല്‍. ഈ ‘ഇടതുവല്‍ക്കരണം’ ഭരണനിര്‍വ്വഹണത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അതിനാല്‍ ഇവരെ മാറ്റിനിര്‍ത്തണമെന്നുമാണ് ഹൈക്കമാന്‍ഡിനോടും നേതാക്കളോടും സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടതുപക്ഷ സംഘടനകളുടെ കരുത്ത് ചോര്‍ത്തുന്നതിനായി പ്രധാന നേതാക്കളെ സ്ഥലം മാറ്റുന്ന നടപടികള്‍ പോലീസ്-റവന്യു വകുപ്പുകളില്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് കരാര്‍ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള അടുത്ത ഘട്ടം. സ്ഥിരം ജീവനക്കാരുടെ സംഘടനകളില്‍ ഇടതുപക്ഷത്തിനുള്ള മേധാവിത്വം ഇല്ലാതാക്കാന്‍ താത്കാലിക നിയമനങ്ങളിലൂടെ പുതിയൊരു തൊഴില്‍ സംസ്‌കാരം കൊണ്ടുവരാനും യു.ഡി.എഫ് ലക്ഷ്യമിടുന്നു.

കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലും ഈ കണക്കെടുപ്പ് നടക്കുന്നുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മുതല്‍ താഴെത്തട്ടിലുള്ള വാച്ച്‌മാന്‍മാര്‍ വരെ ഈ രാഷ്ട്രീയ പരിശോധനയുടെ പരിധിയില്‍ വരും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ അഡ്ഹോക്ക് കമ്മിറ്റികള്‍ രൂപീകരിച്ച്‌ ഈ നിയമനങ്ങളുടെ നിയമസാധുത പരിശോധിക്കാനും നീക്കമുണ്ട്.