Spread the love

മുണ്ടക്കയം: റബർ തോട്ടം വ്യവസായത്തിൻ്റ പിതാവും ഇന്ത്യയുടെ റബർ മാൻ എന്ന് അറിയപ്പെടുന്ന ജോൺ ജോസഫ് മർഫി എന്ന മർഫിസായിപ്പിൻ്റെ അറുപത്തിഒൻപതാം ചരമവാർഷികം ഇന്ന്.

video
play-sharp-fill

1872 ഓഗസ്റ്റ് ഒന്നിന് അയര്‍ലണ്ടിലായിരുന്നു മര്‍ഫിയുടെ ജനനം. കടല്‍താണ്ടി കേരളത്തിലെത്തി കൂട്ടിക്കലിലെ ഏന്തയാറ്റിൻ റബ്ബര്‍ കൃഷി ചെയ്തു കൊണ്ട് മലയോര മേഖലയുടെയും കോട്ടയം ജില്ലയുടെയും, കാഞ്ഞിരപ്പള്ളിയുടെയും വികസന വിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ച ഇന്ത്യൻ റബർ വിപ്ലത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന അയര്‍ലണ്ട് സ്വദേശി മര്‍ഫി സായിപ്പെന്ന ജോണ്‍ ജോസഫ് മര്‍ഫി.

റബ്ബര്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലംതേടി ഇന്ത്യയിലെത്തിയ ജോണ്‍ ജോസഫ് മര്‍ഫി നേര്യമംഗലത്തിനടുത്തു മാങ്കുളത്ത് റബ്ബര്‍ കൃഷി നടത്തി പരാജയപ്പെട്ടതിനെ തുടർന്നാണ് 1902-ല്‍ ഏന്തയാറില്‍ എത്തുന്നത്. താൻ എത്തിയ നാടിനെ തൻ്റെ അമ്മയുടെ ഓർമ്മക്കായി ” എൻ തായയായ നാട് ” “എന്നു വിളിച്ചു. അത് പിന്നീട് ഏന്തയാറായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ മരങ്ങള്‍ വെട്ടിനിരത്തി കൂട്ടിക്കല്‍ മുതല്‍ ഇളംകാട് വരെ റബ്ബര്‍ കൃഷി ചെയ്ത മര്‍ഫിയെ മലയോരമേഖലയുടെ മണ്ണ് ചതിച്ചില്ല. കൃഷി വിജയിച്ചതോടെ വര്‍ഷങ്ങള്‍കൊണ്ട് പന്ത്രണ്ടായിരത്തിലധികം ഏക്കറുകളിലേക്ക് റബ്ബര്‍ കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചു. ഒപ്പം ഏന്തയാറില്‍ റബ്ബര്‍, തേയില ഫാക്ടറികളും സ്ഥാപിച്ചു.

തൊഴിലാളി നിയമങ്ങൾ ഇന്ത്യയിൽ നിലവിൽ വരുന്നതിനു മുൻപേ തൻ്റെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന, തൊഴിലാളികളുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. മെച്ചപ്പെട്ട ശമ്പളം, ചികിത്സ, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് മുഖ്യപ്രാധാന്യം നല്‍കിയിരുന്ന മനുഷ്യ സ്നേഹിയായ മർഫി സായിപ്പ്, ഏന്തയാർ , മുണ്ടക്കം ലത്തീൻ ദേവാലയങ്ങളും , മുണ്ടക്കയം മൈക്കോളജിയും സ്ഥാപിക്കുന്നതിന് നേതൃത്വം നല്കി.

അകമഴിഞ്ഞ് കത്തോലിക്കാ സഭയെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്ത അദ്ദേഹം പതിനെന്നാം പിയൂസ് മാർപാപ്പയുടെ പേപ്പൽ ബഹുമതിക്കും അർഹനായി. ഏന്തയാറില്‍ മര്‍ഫിയുടെ ഓർമ്മക്കായി സ്ഥാപിച്ച ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂള്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യാന്തരം ബ്രട്ടീഷുകാർ ഇന്ത്യ വിട്ടു പോയപ്പോഴും അദ്ദേഹം തൻ്റെ അമ്മയെപ്പോലെ താൻ സ്നേഹിച്ച ഏന്തയാറ്റിൻ താമസിച്ചു. രോഗബാധിതൻ ആയതിനെ തുടർന്ന് 1957 മെയ് ഒന്‍പതിന് തൻ്റെ എൺപത്തിയഞ്ചാം വയസിൽ നാഗര്‍കോവിലിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മര്‍ഫി സായിപ്പിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഏന്തയാറിലെ തൊഴിലാളികളുടെ ശ്മശാനത്തിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്.

ഏന്തയാറിന് അഞ്ചുകിലോമീറ്റര്‍ അകലെ മാത്തുമലയിൽ ഇ മണ്ണിൻ്റ ഭാഗമായി മര്‍ഫി സായിപ്പ് ആന്ത്യവിശ്രമം കൊള്ളുന്നു. അദേഹത്തിൻ്റെ സ്മരണക്കായി റബർ ബോർഡ് നിർമ്മിക്കുമെന്ന് പറഞ്ഞ സ്മാരകം ഇതുവരെ നിർമ്മാണം പൂർത്തികരിച്ചിട്ടില്ല. പ്രാഖ്യാപനങ്ങളെല്ലാം ജലരേഖയായി കടലാസിൽ ഒതുങ്ങുകയാണ്. തൻ്റെ ഇന്മനാടിനെപ്പോലെ ഇ നാടിനെ സ്നേഹിച്ച അദേഹത്തിൻ്റ ശവകുടീരം വേണ്ട രീതിയിൽ സംരക്ഷിക്കുവാനും, സ്മാരക നിർമ്മാണം പൂർത്തീകരിക്കുവാനും റബർ ബോർഡും , സംസ്ഥാന സർക്കാരും തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അദ്ദേഹം സ്ഥാപിച്ച ഏന്തയാർ സെൻ്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തിൽ മാത്തു മലയിലെ ശവകുടീരത്തിൽ പ്രാർത്ഥനയും അനുസ്മരണവും ഉണ്ടായിരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ യോഗത്തിൽ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ,സാമുദായിക നേതാക്കന്മാർ എന്നിവർ പങ്കെടുക്കുന്നതാണെന്ന് ഏന്തയാർ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ സേവ്യർ മാമൂട്ടിൽ അറിയിച്ചു.