
കോട്ടയം കുമരകത്ത് നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഒരു ചരക്ക് ലോറിയും ഒരു ബൈക്കും രണ്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. കുമരകം റോഡില്‍ ചൂളപ്പടി മത്സ്യസഹകരണ സംഘത്തിനു സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍നിന്ന് അരികയറ്റി കോട്ടയത്തിന് വന്ന ലോറി ചൂളപ്പടി പാലം കയറുമ്പോള്‍ നിയന്ത്രണംവിട്ട് പിന്നോട്ടു പോകുകയും പിന്നിലായി വന്ന കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാറും അപകടത്തില്‍പ്പെട്ടെങ്കിലും സാരമായ നാശനഷ്ടങ്ങള്‍ ഇല്ല.
ലോറി പിന്നോട്ടുവരുന്നത് കണ്ട് ചെങ്ങളം സ്വദേശിയായ ബൈക്ക് യാത്രികൻ ബൈക്കില്‍നിന്നു ചാടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. ബൈക്ക് ലോറിയുടെ അടിയിലായിരുന്നു. ചേർത്തലയില്‍നിന്ന് കോട്ടയത്തിനു വരികയായിരുന്ന കാറില്‍ അമ്മയും മകളും മരുമകനും രണ്ടു കുട്ടികളുമാണുണ്ടായിരുന്നത്. ഇവരുടെ കാറാണ് ലോറിക്കടിയിലകപ്പെട്ടത്. ആലപ്പുഴയ്ക്കു പോയി മടങ്ങിയവരായിരുന്നു രണ്ടാമത്തെ കാറിലുണ്ടായിരുന്നവർ. ചവിട്ടുവരി സ്വദേശിനികളായ രണ്ടു സ്ത്രീകളായിരുന്നു ഈ കാറില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന ചൂളപ്പടി പാലത്തിന്റെ അപ്രോച്ച് റോഡിന് കിഴക്കുവശം വലിയ താഴ്ചയുള്ള സ്ഥലമാണ്. ലോറി ചെരിഞ്ഞു സമീപത്തെ മരത്തില്‍ മുട്ടിനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നലെ വൈകുന്നേരം നാലിനു ശേഷമായിരുന്നു അപകടം. കുമരകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.






