
വർക്കല ഇടവയിൽ സിപിഎം കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷങ്ങളുടെ തുടക്കം. ചൊവ്വാഴ്ച രാത്രി സിപിഎം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റുന്നത് സിപിഎം നേതാവ് കണ്ടതും പിന്നീടുണ്ടായ തർക്കവുമാണ് തുടർ സംഘർഷത്തിൽ കലാശിച്ചത്.
സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഇടവ പഞ്ചായത്തംഗം ബിനുവും പ്രവർത്തകരുമായി കോൺഗ്രസ് പ്രവർത്തകർ വാക്കേറ്റമുണ്ടായി. ഇത് ഏറ്റുമുട്ടലിൽ കലാശിച്ചു. ബിനുവിനും സുഹൃത്ത് അജയകുമാറിനും പരിക്കേറ്റു. രാത്രി 9 മണിയോടെ പതിനഞ്ചോളം സിപിഎം പ്രവർത്തകർ സംഘടിച്ച് ഇടവ റെയിൽവേ ഗേറ്റിന് സമീപത്തുള്ള കോൺഗ്രസ് പാർട്ടിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു. വർക്കല ഇടവ പരവൂർ തീരദേശം റോഡ് സിപിഎം പ്രവർത്തകർ ഉപരോധിച്ചു. ഇതിനിടെ അയിരൂർ പോലീസ് സ്ഥലത്തെത്തി. സിപിഎം പ്രവർത്തകരും ഇടവാ സ്വദേശികളുമായ ബാബുക്കുട്ടൻ, പ്രമോദ്, ഈസ, അർഷാദ് സാബു, ഷിബു തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. പഞ്ചായത്ത് മെമ്പർ ബിനുവിനെയും സുഹൃത്ത് അജയകുമാറിനെയും മർദ്ദിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരായ സുധീർ, സിദ്ദീഖ് ,സാജിദ്, ഷഹീർഷാ, നിയാസ്, അനസ്, വാസിം, ദിൽഷാദ് എന്നിവരെ പ്രതികളാക്കിയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






