
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്.
തലസ്ഥാനത്ത് എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടുമ്പോള്‍, കോണ്‍ഗ്രസ് രാഷ്ട്രീയം ഉറ്റുനോക്കുന്നത് എ.കെ. ആന്റണി എന്ന അതികായന്റെ നിലപാടിലേക്കാണ്. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തമ്മിലുള്ള ത്രികോണപ്പോര് മുറുകുമ്പോള്‍, പാര്‍ട്ടിയിലെ സീനിയോറിറ്റിയും അനുഭവസമ്പത്തും മുന്‍നിര്‍ത്തി ചെന്നിത്തലയ്ക്ക് വേണ്ടി ആന്റണി കരുനീക്കങ്ങള്‍ നടത്തുന്നുവെന്ന സൂചനകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ മഹാഭൂരിപക്ഷവും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡിലുള്ള സ്വാധീനവും കേരളത്തിലെ സംഘടനാ സംവിധാനത്തിലെ പിടിപാടും വേണുഗോപാലിന് തുണയാകുന്നു. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനും നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വേണുഗോപാലിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു. എഐസിസി നിരീക്ഷകര്‍ ഓരോ എംഎല്‍എയെയും വ്യക്തിപരമായി കാണുമ്പോള്‍, ഭൂരിപക്ഷാഭിപ്രായം വേണുഗോപാലിലേക്ക് ചായുമെന്നാണ് സൂചന.
അതേസമയം, താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വി.ഡി. സതീശന് ലഭിക്കുന്ന സ്വീകാര്യത ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷം സഭയ്ക്കകത്തും പുറത്തും എല്‍ഡിഎഫിനെതിരെ നടത്തിയ പോരാട്ടവും അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയും അവഗണിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. സതീശന്റെ ജനപ്രീതി ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വാദിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രികോണപ്പോരിനിടയില്‍ വിധിനിര്‍ണായകമാകുന്നത് എ.കെ. ആന്റണിയുടെ നിലപാടാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കഴിഞ്ഞാല്‍ നാലാം സ്ഥാനക്കാരനായ ആന്റണിയുടെ വാക്കുകള്‍ക്ക് ഹൈക്കമാന്‍ഡ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സീനിയോറിറ്റിയും ഭരണപരിചയവും കണക്കിലെടുത്ത് രമേശ് ചെന്നിത്തലയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന നിലപാടിലേക്ക് ആന്റണി എത്തിയേക്കുമെന്നാണ് വിവരം. വി.എം. സുധീരനും സീനിയോറിറ്റിക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറം പാര്‍ട്ടിയെ നയിക്കാന്‍ പരിചയസമ്പന്നനായ നേതാവ് വേണമെന്ന ആന്റണിയുടെ നിലപാട് മുഖ്യമന്ത്രി നിര്‍ണ്ണയത്തില്‍ വഴിത്തിരിവാകും.
സതീശന്റെ ജനപ്രീതിയും വേണുഗോപാലിന്റെ എംഎല്‍എ പിന്തുണയും ചെന്നിത്തലയുടെ അനുഭവസമ്പത്തും തമ്മിലുള്ള ഈ പോരാട്ടത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്. കേരളത്തിന്റെ ചുമതലയുള്ള നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം അറിയിച്ചാലുടന്‍ ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആന്റണിയുമായി ചര്‍ച്ച നടത്തി അന്തിമ പ്രഖ്യാപനം നടത്തും. ആന്റണിയെ ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ലെന്നിരിക്കെ, കേരളത്തിന്റെ അമരത്തേക്ക് ആരെത്തുമെന്നതില്‍ ഉദ്വേഗം തുടരുകയാണ്.
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തെരുവിലേക്ക് നീങ്ങുന്നതില്‍ എ.ഐ.സി.സി ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ അനുകൂലികള്‍ ചേരിതിരിഞ്ഞ് നടത്തുന്ന പ്രകടനങ്ങളെയും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളെയും ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് വിവരം തേടി. എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും എം.എല്‍.എമാരുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും വ്യക്തിപരമായി സംസാരിച്ച് അഭിപ്രായം തേടും. ഇതിനുപുറമെ ഘടകകക്ഷി നേതാക്കളുടെ നിലപാടും നിരീക്ഷകര്‍ ആരായും. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയില്‍ അയക്കാന്‍ നടക്കുന്ന ആഹ്വാനങ്ങള്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിലയിരുത്തല്‍. കെ.സി. വേണുഗോപാലിനെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് കേരളത്തിലേക്ക് മടക്കി അയക്കണോ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണ്ണായകമാകും. നിലവില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോടോ മറ്റ് നേതാക്കളോടോ രാഹുല്‍ തന്റെ മനസ്സ് തുറന്നിട്ടില്ല.
എ.കെ. ആന്റണി, വി.എം. സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നിലപാടും നിരീക്ഷകര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കേരളത്തിലെ അണികള്‍ക്കിടയിലുണ്ടായ ഈ ചേരിതിരിവ് വിജയത്തിന്റെ ശോഭ കെടുത്തുന്നു എന്ന വികാരം ദേശീയ നേതൃത്വത്തിനുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി ജനസമ്മതിയുള്ള ഭരണാധികാരിയെ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്.







