Spread the love

കോഴിക്കോട്:നിയമസഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെ പൊലിസില്‍ അഴിച്ചുപണി. പത്ത് വർഷമായി ഇടത് ഭരണാനുകൂല സംഘടനയുടെ സ്വാധീനത്തില്‍ നടന്നിരുന്ന സ്ഥലംമാറ്റ നടപടികളാണ് യു.ഡി.എഫ് അനുഭാവികള്‍ ഏറ്റെടുത്തത്.
റൈറ്റർ ഡ്യൂട്ടിയിലുള്‍പ്പെടെയുള്ളവരെയാണ് ആദ്യഘട്ടമായി മാറ്റുന്നത്. അതേ സ്റ്റേഷനിലെ മറ്റു ഡ്യൂട്ടികളിലേക്കാണ് ഇവരെ മാറ്റിയത്. സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് സ്റ്റേഷൻ ഡ്യൂട്ടി മാറ്റങ്ങള്‍. അതേസമയം ജില്ലാ മേധാവിമാരുടെ ഉത്തരവ് പ്രകാരം ചുമതല വഹിക്കുന്ന റൈറ്റർ ഡ്യൂട്ടിയിലുള്ളവരെ മാറ്റിയിട്ടില്ല.

video
play-sharp-fill

പെരുമാറ്റചട്ടം അവസാനിച്ചതിനാല്‍ ജില്ലാ പൊലിസ് മേധാവി, റേഞ്ച് ഐ.ജി, ഡി.ജി.പി തലങ്ങളില്‍ സ്ഥലം മാറ്റ ഉത്തരവുകള്‍ അടുത്തദിവസം മുതല്‍ പുറത്തുവരുമെന്നാണ് വിവരം. തൃശൂർ ഡി.എച്ച്‌.ക്യുവിലുള്‍പ്പെടെ ഇന്നലെ മുതല്‍ തന്നെ ഉത്തരവിറക്കി.

തൃശൂരില്‍ ഡെപ്യൂട്ടി കമാൻഡന്റ് 12 സേനാംഗങ്ങളെയാണ് മാറ്റി നിയമിച്ചത്. ഇൻസ്പെക്ടർ റാങ്ക് മുതല്‍ ഡിവൈ.എസ്പി, എസ്.പി, ഐ.ജി, എ.ഡി.ജി.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റുക. ഇതിനായി പുതിയ സർക്കാർ അധികാരത്തില്‍ വരുംവരെ കാത്തിരിക്കണം. അതേസമയം എസ്.ഐമാരെ റേഞ്ച് ഐ.ജിമാർക്ക് സ്ഥലം മാറ്റാൻ അധികാരമുണ്ട്. ഇപ്രകാരമുള്ള ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ജില്ലാ പൊലിസ് മേധാവിമാർക്ക് എസ്.ഐമാരെ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റാനുള്ള അധികാരമുണ്ട്. 2016 മുതല്‍ യു.ഡി.എഫ് അനുകൂലികളായ പൊലിസുകാരില്‍ പലരും സ്റ്റേഷൻ ഡ്യൂട്ടിയിലാണ് തുടരുന്നത്. തിരക്കേറിയ സ്റ്റേഷനില്‍ റൈറ്റർമാരായും ട്രാഫിക് പോയിന്റുകളിലുമാണ് പലരും തുടരുന്നത്.
ലോക്കല്‍ പൊലിസിന്റെ ഭാഗമായുള്ള സ്പെഷല്‍ബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, നാർക്കോട്ടിക് സെല്‍, ജില്ലാ ക്രൈംറെക്കോഡ് ബ്യൂറോ തുടങ്ങി യൂനിറ്റുകളിലേക്കൊന്നും യു.ഡി.എഫ് അനുഭാവികളായ പലർക്കും മാറ്റം നല്‍കിയില്ലെന്നാണ് സേനയിലെ ആരോപണം.

ഇതിന് പുറമേ മറ്റു സ്പെഷല്‍ യൂനിറ്റുകളായ സ്റ്റേറ്റ് സ്പെഷല്‍ബ്രാഞ്ച്, വിജിലൻസ് എന്നീ യൂനിറ്റുകളിലേക്കും സ്ഥലം മാറ്റം അനുവദിച്ചിരുന്നില്ല. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഈ യൂനിറ്റുകളിലേക്കൊന്നും അവസരം നല്‍കാതിരുന്നതെന്നാണ് യു.ഡി.എഫ് അനുഭാവികളായ പൊലിസുകാർ പറയുന്നത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഭരണമാറ്റ സൂചനകള്‍ പുറത്തുവന്നത് മുതല്‍ അഴിച്ചുപണി ആരംഭിച്ചതെന്നാണ് പറയുന്നത്.

ജില്ലകളില്‍ നിയമനം ലഭിക്കാതെ മറ്റു ജില്ലകളില്‍ തുടരുന്നവരും ശുഭ പ്രതീക്ഷയിലാണ്.
എന്നാല്‍ ഇത്രയും നാള്‍ മന്ത്രിമാരുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ടായിരുന്നവരെയും ഉന്നതപൊലിസുദ്യോഗസ്ഥർക്കൊപ്പം തുടരുന്നവരെയും മാതൃസ്റ്റേഷനിലേക്ക് സ്ഥലം മാറ്റി പകരം പൊലിസുകാരെ നിയമിക്കാനുള്ള നീക്കവും തകൃതിയാണ്