Spread the love

പിണറായി വിജയനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്നും വെള്ളാപ്പള്ളിയുടെ പിന്തുണ തിരിച്ചടിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പരാമര്‍ശങ്ങള്‍ എതിരാളികളുടെ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നും നേതാക്കള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. പരാജയത്തെക്കുറിച്ച് ഇന്നലെ സിപിഐഎം സെക്രട്ടേറിയറ്റിലും വിശദമായ ചര്‍ച്ചകളാണ് നടന്നത്. ഇന്നലെ രാവിലെ ആരംഭിച്ച യോഗം രാത്രി 10 മണി വരെ നീണ്ടുനിന്നിരുന്നു. എല്ലാവര്‍ക്കും നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

video
play-sharp-fill

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ ഉള്‍പ്പടെ വീഴ്ചയുണ്ടായെന്നാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയായ പിണറായി വിജയനെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ഇത്തരം വിമര്‍ശനങ്ങള്‍. വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഉള്‍പ്പടെ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് ന്യൂനപക്ഷങ്ങള്‍ക്കിടില്‍ തെറ്റിദ്ധാരണ പരത്തിയെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരുവരുമെന്നതില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ഈ ഘട്ടത്തില്‍ നടക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. പോളിറ്റ് ബ്യൂറോ യോഗത്തിലായിരിക്കും അന്തിമ തീരുമാനം.