Spread the love

വമ്പിച്ച ഭൂരിപക്ഷത്തോടെ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ ആരായിരിക്കും ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക എന്ന ചർച്ചയാണ് തകൃതിയായി നടക്കുന്നത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന നിര്‍ണ്ണായക യോഗം കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകും. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ കെസി വേണുഗോപാലും പങ്കെടുക്കുന്നുണ്ട്. അന്തിമ തീരുമാനത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ നിലപാട് വലിയ സ്വാധീനം ചെലുത്തുമെന്നാണ് സൂചന.

video
play-sharp-fill

ആകെയുള്ള 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 43 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെസി വേണുഗോപാലിന്റെ പക്ഷം അവകാശപ്പെടുന്നത്. പത്ത് ‘എ’ ഗ്രൂപ്പ് എം.എല്‍.എ.മാരില്‍ എട്ടുപേരും കെ.സിയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കെ.സിക്കൊപ്പം നിലയുറപ്പിച്ചത് ‘എ’ ഗ്രൂപ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തുമ്പോള്‍ ഈ ഭൂരിപക്ഷം ഔദ്യോഗികമായി അറിയിക്കാനാണ് നീക്കം.

അതേസമയം എംഎല്‍എമാരുടെ പിന്തുണയില്‍ മുന്‍തൂക്കമുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ മനസ് അറിയാനാണ് കേരളത്തിലെ നേതാക്കള്‍ കാത്തിരിക്കുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നിലപാട് ഖാര്‍ഗെ ആരായും. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തി എംഎല്‍എമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേരളത്തില്‍ സജീവമായിരുന്ന പ്രിയങ്കയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ട്. പ്രിയങ്കയുടെ താല്പര്യം ആര്‍ക്കൊപ്പമാണെന്നത് ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group