
തിരുവനന്തപുരം: കന്യാകുമാരിക്കടുത്ത് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് മാസങ്ങളായി വിഴിഞ്ഞത്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന വിദേശ കപ്പല്‍ എം.ടി സോളിസ് ഒടുവില്‍ യാത്ര തിരിച്ചു.
വിവിധ നിയമനടപടികള്‍ക്കും ചർച്ചകള്‍ക്കും ശേഷമാണ് കപ്പലിന് യാത്രാനുമതി ലഭിച്ചത്. ഇന്നലെ രാത്രി 7.30ഓടെ കൊളംബോയിലേക്കാണ് കപ്പല്‍ പുറപ്പെട്ടത്.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കപ്പലുടമകളുമായുള്ള ചർച്ചകളും പൂർത്തിയായതിനെ തുടർന്നാണ് കൊച്ചി മെർക്കന്റൈല്‍ മറൈൻ വകുപ്പ് യാത്രാനുമതി നല്‍കിയത്. യാത്രയ്ക്ക് മുന്നോടിയായി ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും കപ്പലില്‍ ശേഖരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാപ്റ്റൻ ലെ വാൻ ട്യുവാന്റെ നേതൃത്വത്തില്‍ വിയറ്റ്നാം സ്വദേശികളായ 20 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്.
മാർച്ച് 7ന് കന്യാകുമാരിക്കടുത്തുള്ള കടലിലാണ് അപകടം നടന്നത്.
കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന മത്സ്യബന്ധന ബോട്ടില്‍ എം.ടി സോളിസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബോട്ട് മുങ്ങുകയും ബോട്ടിലുണ്ടായിരുന്ന 11 പേരില്‍ കൊല്‍ക്കത്ത സ്വദേശികളായ ലഖാൻ ദാസ് (45), മകൻ ബാദല്‍ (23) എന്നിവർ കടലില്‍ കാണാതാകുകയും ചെയ്തു.
തമിഴ്നാട്, കൊല്‍ക്കത്ത സ്വദേശികളായ ഒമ്പത് പേർക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നു.







