
കോട്ടയം: തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയതോടെ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ആശ്വാസ നടപടിയുമായി കോട്ടയം നഗരസഭ.
വ്യാപാരികൾക്ക് സ്വന്തം നിലയിൽ താത്കാലിക ഷെഡുകൾ നിർമ്മിച്ച വ്യാപാരം തുടരാൻ നഗരസഭാ കൗൺസിൽ അനുമതി നല്കി. ഇതോടെ കെട്ടിടം ഒഴിയേണ്ടി വന്ന മുപ്പത്തിയാറോളം വ്യാപാരികൾക്ക് വലിയ ആശ്വാസമായി.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വ്യാപാരികൾക്ക് കെട്ടിടം വിട്ടൊഴിയേണ്ടിവന്നത്. പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങുന്നതുവരെയാണ് ഇവർക്ക് താത്കാലിക ഷെഡുകളിൽ കച്ചവടം ചെയ്യാൻ അനുമതി നല്കിയിരിക്കുന്നത്. കർശന നിബന്ധനകളോടെയാണ് നഗരസഭയുടെ ഈ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ വ്യാപാരിക്കും രണ്ട് മീറ്റർ വീതിയുള്ള താത്കാലിക സൗകര്യമാണ് ഇതിനായി അനുവദിക്കുക. നഗരസഭയുടെ പുതിയ കെട്ടിടത്തിന്റെ പണിയാരംഭിക്കുമ്പോൾ ഈ ഷെഡുകൾ സ്വന്തം ചെലവിൽ തന്നെ പൊളിച്ചുനീക്കാമെന്ന കരാർ വ്യാപാരികൾ സമർപ്പിക്കണം.
കൂടാതെ, കച്ചവടം മറ്റാര്ക്കെങ്കിലും കൈമാറാനോ വാടകയ്ക്കു നല്കാനോ പാടില്ലെന്നും വ്യവസ്ഥയുണ്ടെന്ന് ചെയർമാൻ എം.പി. സന്തോഷ് കുമാർ പറഞ്ഞു.
തീരുമാനം വന്നതിനു പിന്നാലെ താത്കാലിക ഷെഡിന്റെ നിർമ്മാണം സ്റ്റാൻഡിൽ ആരംഭിച്ചിട്ടുണ്ട്.







