
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ മന്ത്രി ചർച്ചകളും സജീവം.
ജയിച്ചെത്തിയാല്‍ 20ല്‍ അധികം എംഎല്‍എമാരാണ് മന്ത്രിസ്ഥാനത്തേക്ക് കണ്ണ് വെക്കുന്നത്.
മുൻകാല പരിചയത്തിനൊപ്പം ഗ്രൂപ്പ്, സമുദായ, പ്രാദേശിക ഘടകങ്ങള്‍ ഉയർത്തിയാണ് വിവിധ നേതാക്കള്‍ മന്ത്രികുപ്പായം തുന്നുന്നത്.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ നിലവിലെ കണക്കനുസരിച്ച് 11 പേർക്കാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസ്ഥാനത്തിന് അർഹത. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ വി.ഡി സതീശൻ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.ഡി മുഖ്യമന്ത്രി ആയാലും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പ്. കെപിസിസി അധ്യക്ഷ സ്ഥാനം മറ്റാർക്കെങ്കിലും കൈമാറാനാണ് സാധ്യത.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിഖ്, ടി.എൻ പ്രതാപൻ, പി.സി വിഷ്ണുനാഥ്, കെ.മുരളീധരൻ, എന്നിവർ ജയിച്ചത്തിയാല് ഉറപ്പായും മന്ത്രിസഭയില്‍ ഉണ്ടാകും.
ഷാനിമോള്‍ ഉസ്മാൻ, ഉമ തോമസ്, ബിന്ദു കൃഷ്ണ എന്നിവരില്‍ ആരാകും മന്ത്രിസഭയിലെ വനിതാ മുഖം എന്നതിലും ചർച്ച തുടങ്ങി കഴിഞ്ഞു.
ഇതിനൊപ്പം പത്തിലധികം എംഎല്‍എമാർ മന്ത്രി കസേരയില്‍ കണ്ണ് വച്ച് ചരട് വലികള്‍ ആരംഭിച്ചിട്ടുണ്ട്. നാടാർ പ്രതിനിധി എന്ന നിലയില്‍ തിരുവനന്തപുരത്ത് നിന്ന് എൻ. ശക്തനും ലത്തീൻ പ്രതിനിധിയായി എം. വിൻസെന്റും അവകാശവാദം ഉന്നയിക്കും.
എന്നാല്‍, വിൻസെന്റിന് എതിരായ കേസ് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ടി.ജെ വിനോദിനെ പരിഗണിച്ചേക്കും. ഇതിനൊപ്പം എ.പി അനില്‍കുമാർ, വി.എസ് ശിവകുമാർ, ചാണ്ടി ഉമ്മൻ, വി.ടി ബല്‍റാം, മാത്യുക്കുഴല്നാടൻ, എം. ലിജു തുടങ്ങിയവരും മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുണ്ട്.
അമ്പലപ്പുഴയില്‍ നിന്ന് വിജയിച്ചാല്‍ ജി. സുധാകരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സുധാകരന്റെ മന്ത്രിസ്ഥാനവും കോണ്‍ഗ്രസ് അക്കൗണ്ടില്‍ നിന്ന് തന്നെ നല്‍കേണ്ടിവരും.







