Spread the love

വിവാഹേതര ബന്ധം അറിഞ്ഞ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി പിടിയില്‍. യുവതിക്കൊപ്പം കാമുകനേയും ക്വട്ടേഷന്‍ സംഘത്തെയും പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ ലിംഗാപുരത്താണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് ഈശ്വര്‍ റെഡ്ഡി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈശ്വര്‍ റെഡ്ഡിയും ഭാര്യ ശില്‍പയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടെ ജമ്മലമടുഗു സ്വദേശിയായ നാഗസുധീറുമായി ശില്‍പ പരിചയത്തിലായി. നാഗസുധീറും വിവാഹിതനായിരുന്നു. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. നാഗസുധീറുമായുള്ള ശില്‍പയുടെ ബന്ധം ഈശ്വര്‍ റെഡ്ഡി അറിഞ്ഞു. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് പലതവണ ഈശ്വര്‍ റെഡ്ഡി ശില്‍പയോട് ആവശ്യപ്പെട്ടു. എന്നാല്‍ നാഗസുധീറുമായുള്ള ബന്ധം ശില്‍പ തുടര്‍ന്നു. ഭര്‍ത്താവ് ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയ ശില്‍പ, നാഗസുധീറുമായി ചേര്‍ന്ന് ഈശ്വര്‍ റെഡ്ഡിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

video
play-sharp-fill

ഇതിനായി ഗുണ്ടാ നേതാവ് വിനയുമായി നാഗസുധീര്‍ ബന്ധപ്പെട്ടു. വിനയ് വഴി ഹിന്ദുപുരില്‍ നിന്നുള്ള സംഘത്തിന് ഈശ്വര്‍ റെഡ്ഡിയെ കൊല്ലാന്‍ പത്ത് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. കൈയിലുണ്ടായിരുന്ന പതിനാല് പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചും കുറച്ച് വിറ്റും അഞ്ച് ലക്ഷം രൂപ സംഘടിപ്പിച്ചു. ഇത് ക്വട്ടേഷന്‍ സംഘത്തിന് അഡ്വാന്‍സായി നല്‍കി. ബാക്കി തുക കൊലപാതകത്തിന് ശേഷം നല്‍കാമെന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈശ്വര്‍ റെഡ്ഡിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം പദ്ധതിയിട്ടു. ബൈപ്പാസ് റോഡില്‍വെച്ച് ഈശ്വര്‍ റെഡ്ഡി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ സംഘം കാറിടിപ്പിച്ചു. താഴെവീണ അദ്ദേഹത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് യുവതിയെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തത്.