
തിരുവനന്തപുരം: പരീക്ഷ കണ്‍ട്രോളർ ഡോ.വിനു തോമസിനെ തരംതാഴ്ത്തിയ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയിട്ടും വിസി തിരികെ പ്രവേശിപ്പിച്ചില്ല. കേരള സാങ്കേതിക സർവകലാശാല അസാധാരണ പ്രതിസന്ധിയില്‍. പരീക്ഷകള്‍ മുടങ്ങുമോ എന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക.
ഐഎച്ച്‌ആർഡി ഡയറക്ടർ വി.എ അരുണ്‍കുമാറാണ് ചട്ടങ്ങള്‍ മറികടന്ന് വിനു തോമസിനെ അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്ത്തിയത്.
സർക്കാർ ഗവർണർ പോരിനൊടുവില്‍ സമവായത്തിലൂടെയാണ് കെടിയുവില്‍ സ്ഥിരം വൈസ് ചാൻസലറായി സിസ തോമസ് നിയമിതയായത്. എന്നാല്‍ അവിടെയും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. പരീക്ഷാക്കാലം തുടങ്ങുന്നതിന് തൊട്ടു മുൻപ് കണ്‍ട്രോളർ ചുമതലയുള്ള അക്കാദമിക് ഡീൻ വിനു തോമസിനെ മാറ്റിയതാണ് പുതിയ പ്രതിസന്ധി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊഫസർ സ്ഥാനത്തുനിന്ന് അസോസിയേറ്റ് പ്രൊഫസറായി ഐഎച്ച്‌ആർഡി ഡയറക്ടറും വി.എസ് അച്യുതാനന്ദന്റെ മകനുമായ വി.എ അരുണ്‍കുമാറിന്റെ തരംതാഴ്ത്തല്‍ നടപടിയാണ് വിനു തോമസിനെ മാറ്റാനുള്ള കാരണം. ഐഎച്ച്‌ആർഡിക്ക് കീഴിലെ തൃക്കാക്കര കോളേജ് പ്രിൻസിപ്പല്‍ ആയിരുന്ന വിനു തോമസ് ഡെപ്യൂട്ടേഷനിലാണ് സാങ്കേതിക സർവകലാശാല ഡീൻ ആയത്. ഡോ.വിനു തോമസിനെ ചട്ടങ്ങള്‍ മറികടന്നാണ് ഐഎച്ച്‌ആർഡി ഡയറക്ടർ അസോസിയേറ്റ് പ്രൊഫസർ ആയി തരംതാഴ്ത്തിയത്. ചട്ടപ്രകാരം ഡയറക്ടർക്ക് അത്തരമൊരു അധികാരമില്ല.
പിന്നാലെയാണ് കെടിയു വിസി സിസ തോമസ് പരീക്ഷാ കണ്‍ട്രോള്‍ ചുമതലയില്‍ നിന്നും അക്കാദമിക് ഡീൻ സ്ഥാനത്തുനിന്നും വിനു തോമസിനെ നീക്കിയത്. എന്നാല്‍ ഐഎച്ച്‌ആർഡി ഡയറക്ടറുടെ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. എന്നിട്ടും വിനു തോമസിനെ കെടിയുവിലെ തല്‍സ്ഥാനത്ത് തിരിച്ചെടുക്കാൻ സിസ തോമസ് തയ്യാറായില്ല. പകരം ചുമതല വിസി നല്‍കിയിരിക്കുന്നത് റിസർച്ച് ഡീൻ ആയ ഡോക്ടർ ലിബിഷ് ടി.എമ്മിനാണ്.
ഇതോടെ പരീക്ഷ നടത്തിപ്പാണ് പ്രതിസന്ധിയില്‍ ആകുന്നത്. ഡോക്ടർ വിനു തോമസിനെതിരായ വി.എസ് അരുണ്‍കുമാറിന്റെ നടപടിയില്‍ ഇടതു സംഘടനകളും പരസ്യപ്രതിഷേധത്തിലാണ്.







