Saturday, April 25, 2026

നിധിൻ രാജ് കേസ്: എസ്‌സി/എസ്ടി പീഡന നിരോധന നിയമത്തില്‍ നിന്നുള്ള നിയമനടപടികള്‍ ഒഴിവാക്കാൻ താനും ദളിത് വിഭാഗക്കാരനെന്ന് ഡോ.റാം കോടതിയിൽ: തെളിവ് സഹിതം പൊളിച്ചടുക്കി പ്രോസിക്യൂഷൻ.

Spread the love

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഡോ. റാം കോടതിയില്‍ ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായ തെളിവുകളോടെ എതിർത്തു.
എസ്‌സി/എസ്ടി പീഡന നിരോധന നിയമത്തില്‍ നിന്നുള്ള നിയമനടപടികള്‍ ഒഴിവാക്കാൻ താൻ ദളിത് വിഭാഗത്തിലെ ‘ബജന്ദ്രി’ സമുദായക്കാരനാണെന്ന വാദമാണ് റാം പ്രധാനമായും ഉയർത്തിയത്.

video
play-sharp-fill

എന്നാല്‍ ബജന്ദ്രി വിഭാഗം ഒബിസി (OBC) പട്ടികയിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയ പ്രോസിക്യൂഷൻ ഈ വാദം അപ്രസക്തമാക്കി. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.

ലോണ്‍ ആപ്പ് വിവാദവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന റാമിന്റെ വാദം ഖണ്ഡിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളാണ് പ്രോസിക്യൂഷൻ നിരത്തിയത്. സംഭവദിവസം ഉച്ചയ്ക്ക് 12:20 മുതല്‍ 2 മണി വരെയുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കി. നിതിൻ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് എത്തുമ്ബോള്‍ ഡോ. റാം സ്റ്റാഫ് റൂമിലുണ്ടായിരുന്നു എന്ന് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, അധ്യാപികയായ ലത ശശിധരന് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ഭീഷണി വന്ന സമയത്ത് അവർ പ്രിൻസിപ്പാളുമായി സംസാരിക്കവെ റാം മുറിക്ക് പുറത്ത് സാന്നിധ്യമറിയിച്ചിരുന്നു. ലതയെക്കൊണ്ട് നിതിനെതിരെ പരാതി നല്‍കാൻ പ്രേരിപ്പിച്ചത് റാം ആണെന്നും, പരാതി നല്‍കാൻ പോകുന്ന ലതയ്ക്ക് റാം ഹസ്തദാനം നല്‍കുന്ന ദൃശ്യങ്ങള്‍ ഈ ഗൂഢാലോചനയ്ക്ക് തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

രണ്ടാം പ്രതിയായ ഡോ. സംഗീത നമ്ബ്യാർക്കെതിരെ നിതിൻ തന്റെ അച്ഛനോടും സഹോദരിയോടും നേരത്തെ വെളിപ്പെടുത്തിയ കാര്യങ്ങളും പ്രോസിക്യൂഷൻ മൊഴിയായി കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. ലോണ്‍ ആപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രിൻസിപ്പാളിന്റെ മുറിയില്‍ അരങ്ങേറിയ സംഭവങ്ങളാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. ഡോ. റാം ഉള്‍പ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ തലശേരി കോടതി മറ്റന്നാള്‍ വിധി പറയും.