
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് ശക്തമായതോടെ വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നതായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) അറിയിച്ചു. പീക്ക് സമയങ്ങളിലെ ഉപയോഗം നിയന്ത്രിക്കാന്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും ബോര്‍ഡ് വ്യക്തമാക്കി. ഏപ്രില്‍ 18ന് പീക്ക് സമയത്തെ ഉപയോഗം 117.16 ദശലക്ഷം യൂണിറ്റായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് സ്വന്തമാക്കി.
വൈകുന്നേരം 6 മുതല്‍ 10 വരെ വൈദ്യുതി ആവശ്യകത 6033 മെഗാവാട്ടായി ഉയര്‍ന്നതും ആദ്യമായാണ്. ഏപ്രില്‍ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത ഉയര്‍ന്നതായും കെ.എസ്.ഇ.ബി അറിയിച്ചു. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും പുറം സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങുകയും ചെയ്തിട്ടും ഉയര്‍ന്ന ആവശ്യകത കാരണം പ്രസരണ-വിതരണ ശൃംഖലക്ക് വലിയ സമ്മര്ദ്ദമുണ്ടാകുന്നുണ്ട്.
ചില പ്രദേശങ്ങളില്‍ വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ശൃംഖല പുനക്രമീകരണം നടത്തിവരുന്നു. താത്കാലിക പ്രതിസന്ധി മറികടക്കാന്‍ വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു. ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം ഈ സമയത്തിന് പുറത്ത് ക്രമീകരിക്കുകയും എസിയുടെ താപനില 24–26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുകയും അനാവശ്യ ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുകയും ചെയ്യണമെന്ന് നിര്‍ദേശം നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group








