Saturday, April 25, 2026

കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കരിഞ്ചന്ത ലോബി സജീവം: വിൽക്കുന്നത് ഇരട്ടിയിലധികം വിലയ്ക്ക്: ഗ്യാസ് ഏജൻസികൾ സിലിണ്ടർ കരിഞ്ചന്തക്കാർക്ക് മറിക്കുന്നു: അന്വേഷിക്കാനോ പിടികൂടാനോ ഉദ്യോഗസ്ഥരില്ല: അടുക്കളയ്ക്കും ഹോട്ടലുകൾക്കും പൂട്ട് വീണിട്ടും നടപടിയെടുക്കാതെ അധികൃതർ

Spread the love

കോട്ടയം: പാചക വാതക സിലിണ്ടറിന് അതിരൂക്ഷമായ ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയിൽ ഗ്യാസ് സുലഭം. ഒറ്റ ഫോൺ കോളിൽ ഏത് സിലിണ്ടർ വേണമെങ്കിലും ലഭിക്കും. പക്ഷേ വിലകേട്ടാൽ ഞെട്ടും. സിലിണ്ടർ ലഭിക്കാതെ ഹോട്ടലുകളും തട്ടുകടകളുമൊക്കെ പൂട്ടുമ്പോള്‍, കരിഞ്ചന്തയില്‍ സിലിണ്ടര്‍ വില്‍പ്പന വ്യാപകമാണ്.

video
play-sharp-fill

ഗാര്‍ഹിക ഉപയോക്താക്കള്‍ ഉള്‍പ്പെടെ ബുക്ക് ചെയ്ത് സിലിണ്ടറിനായി ആഴ്ചകൾ കാത്തിരിക്കുമ്പോഴാണ് ഇരട്ടിയിലേറെ വിലയ്ക്കു തരാൻ കരിഞ്ചന്തക്കാരൻ റെഡിയായി നിൽക്കുന്നത്.

വാണിജ്യ,ഗാര്‍ഹിക സിലിണ്ടറുകള്‍ ഇരട്ടിയിലേറെ രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത്. പരിശോന നടക്കുന്നുണ്ടെങ്കിലും കാര്യമായ നടപടിയില്ല. 14 കിലോ തൂക്കം വരുന്ന ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 976 രൂപയാണ് വില. എന്നാൽ കരിഞ്ചന്തയില്‍ 2000ന് മുകളില്‍ നല്‍കണം. 1976 രൂപ വില വരുന്ന 19 കിലോ വാണിജ്യ സിലിണ്ടര്‍ കിട്ടാനില്ല. എന്നാൽ കരിഞ്ചന്തയില്‍ 4000 രൂപ നൽകിയാൽ സുലഭമാണ് ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കു ലഭിക്കുന്ന സിലിണ്ടറുകളും മറിച്ചു വില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ഏജന്‍സികളുടെ ഒത്താശയോടെ ഇതിനായി പ്രത്യേക സംഘവുമുണ്ട്. ഗ്യാസ് ഏജൻസികൾ ഇപ്പോൾ സിലിണ്ടർ വാഹനത്തിൽ വീട്ടിൽ എത്തിക്കുന്നത് നിർത്തി. അത്യാവശ്യക്കാർക്ക് ഏജൻസി ഓഫീസിലോ ഗോഡൗണിലോ ചെന്ന് സിലിണ്ടർ വാങ്ങണം. ബാക്കിയൊക്കെ മറിച്ചു വിൽക്കുകയാണന്ന് ആരോപണമുണ്ട്. ഏജൻസികൾ അറിഞ്ഞും അറിയാതെയും കരിഞ്ചന്തക്കാർക്ക് സിലിണ്ടർ മറിക്കുന്നുണ്ട്.

ചില ജീവനക്കാരുടെ ഒത്താശയിലാണ് ഈ തിരിമറി നടക്കുന്നത്. ബുക്ക് ചെയ്തവർ കിട്ടാതെ വരുമ്പോൾ കരിഞ്ചന്തയിൽ പോകേണ്ട ഗതികേടിയിൽ എത്തും.

പാചക വാതക ക്ഷാമം രൂക്ഷമായതോടെ വിഭവങ്ങളുടെ വിലയും കൂട്ടി പിടിച്ചു നില്‍ക്കാനാണ് ഹോട്ടലുകളുടെ ശ്രമം. ശരാശരി 70 രൂപയായിരുന്ന ഊണിന്റെ നിരക്ക് 90 രൂപയിലെത്തി. 30 രൂപയ്ക്കു വിറ്റിരുന്ന മുട്ടക്കറിക്ക് എഴുപതു രൂപവരെ ഈടാക്കുന്ന ഹോട്ടലുകള്‍ കോട്ടയം നഗരത്തിലുണ്ട്.
സിലിണ്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സ്വകാര്യ ഗ്യാസ് ഏജന്‍സികളും പാചക വാതകത്തിനു വില കുത്തനെ കൂട്ടി.

ഇസ്രായേൽ, ഇറാൻ യുദ്ധത്തിൻ്റെ പേരിൽ ഗ്യാസിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഗ്യാസ് ഏജൻസികൾക്കും കരിഞ്ചന്ത കച്ചവടക്കാർക്കുമെതിരെ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് വ്യാപക ആരോപണമുണ്ട്.