
പള്ളിക്കല്‍: രാത്രി ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളുടെ മേല്‍ പതിച്ചത് ഐഎസ്‌ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം.
ജനവാസ മേഖലയില്‍ പതിച്ച മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപകരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പള്ളിക്കല്‍ പാരിപ്പള്ളി റോഡില്‍ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ബൈക്ക് യാത്രികരുടെ പുറത്ത് ഉപകരണം പതിക്കുകയായിരുന്നു. ഉപകരണത്തിനു ഭാരം ഇല്ലാത്തതിനാല്‍ പരുക്കേറ്റില്ല.
ഹൈഡ്രജൻ ബലൂണില്‍ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂണ്‍ പൊട്ടിയാണ് നിലത്ത് പതിച്ചത്. സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോള്‍ അതിന്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പരിഭ്രാന്തിയിലായി.
സ്ഥലത്തെത്തിയ പള്ളിക്കല്‍ പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഐഎസ്‌ആർഒ എന്നും പൊട്ടിത്തെറി,അപകടം എന്നിവ ഉണ്ടാക്കില്ല എന്ന് ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് പരിഭ്രാന്തി മാറിയത്. അന്തരീക്ഷത്തെ കുറിച്ചും കാലാവസ്ഥ,കാറ്റ്,മഴ,ഇടി,മിന്നല്‍ ന്യൂനമർദം എന്നിവയെ കുറിച്ച് അറിയാൻ ഐഎസ്‌ആർഒ എല്ലാ മാസവും ഹൈഡ്രജൻ നിറച്ച ബലൂണില്‍ ഇത്തരത്തില്‍ യന്ത്രം അന്തരീക്ഷത്തില്‍ അയയ്ക്കാറുണ്ട് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് 35 കിലോമീറ്ററോളം ഉയരത്തില്‍ പറക്കും. കൂടാതെ വേനല്‍ക്കാലത്ത് 150 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് സാധാരണ കടലില്‍ പതിക്കുകയാണ് പതിവ്. കാറ്റിന്റെ ദിശയും മറ്റും പ്രതികൂലമായാല്‍ ചിലപ്പോള്‍ കരയിലും പതിക്കും. വളരെ ചെറിയ മോട്ടർ ഘടിപ്പിച്ച യന്ത്രം ആയതിനാല്‍ ജനവാസ മേഖലയില്‍ വീണാലും അപകടം ഉണ്ടാക്കില്ല എന്ന് ഐഎസ്‌ആർഒ ജീവനക്കാർ അറിയിച്ചു. പള്ളിക്കല്‍ സ്റ്റേഷനില്‍ സൂക്ഷിച്ച ഉപകരണം അധികൃതർക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു.









