
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) നീക്കം തുടങ്ങി. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഒസി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് കത്തയച്ചു. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്താമെന്നും എത്ര രൂപ വർധിപ്പിക്കുമെന്ന് സെയിൽസ് ടീം അറിയിക്കുമെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്.
ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടിയാണ് ഐഒസി നടപടി. പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ബെംഗളൂരുവിലെ ഹോട്ടലുകളിലും വ്യവസായ സ്ഥാപനങ്ങളിലും കൊമേഴ്സ്യൽ സിലിണ്ടർ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി ഐഒസി ചെന്നൈ ഡിവിഷൻ അറിയിച്ചു. ഇതിനിടെ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവും വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ ഏകദേശം 35,000 ഹോട്ടലുകളാണ് പ്രതിസന്ധിയിലായത്. ദിവസേന 22,000 സിലിണ്ടറുകൾ ആവശ്യമുള്ളപ്പോൾ നിലവിൽ 11,000 സിലിണ്ടറുകൾ മാത്രമാണ് വിതരണം ചെയ്യുന്നത്. ഇതിനിടെ കേരളത്തിലും ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ലഭ്യത കുറയാനിടയുണ്ടെന്ന് എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group








