
കുമരകം: കായൽ ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടി. മുൻ വർഷങ്ങളിലെപ്പോലെ നല്ല ഓട്ടം ലഭിക്കുമെന്ന പ്രതീക്ഷ സഫലമാകാതിരിക്കാൻ കാരണം വേമ്പനാട്ടുകായലിലെ താപനില അസഹനീയമായതാണ്. ഇതോടെ ഈ അവധിക്കാലം ബോട്ട് ഉടമകൾക്കും ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കും നിരാശയാണ് സമ്മാനിക്കുന്നത്.
ചൂടിന്റെ കാഠിന്യം കൂടിയതോടെ കുമരകത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞു, ഹൗസ്ബോട്ട് ബുക്കിംഗും ഗണ്യമായി കുറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്ന കുമരകത്തും ആലപ്പുഴയിലും ഹൗസ് ബോട്ട് ടൂറിസം ഇപ്പോൾ നിശ്ചലമാണ്. വിനോദ സഞ്ചാരികൾ കായൽ ടൂറിസം ഒഴിവാക്കി ചൂട് കുറവുള്ള ഇടുക്കി ജില്ലയിലേക്കും ഹൈറേഞ്ച് പ്രദേശങ്ങളിലേക്കുമാണ് പോകുന്നത്.
വേനൽച്ചൂടിന് കുറവില്ലെങ്കിൽ വരും ദിവസങ്ങളിൽ ഈ മേഖല വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ആലപ്പുഴയിലെയും കുമരകത്തെയും ഹൗസ് ബോട്ട് രംഗത്തെ മന്ദിപ്പ് ടൂറിസം മേഖലയെ ആകെ പിന്നോട്ടടിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകത്ത് 100 -ൽ അധികവും ആലപ്പുഴയിൽ ആയിരത്തോളവും ഹൗസ് ബോട്ടുകളുണ്ടെന്നാണ് വിവരം. അതിലധികം ശിക്കാര വള്ളങ്ങളും മോട്ടോർ ബോട്ടുകളും സ്പീഡ് ബോട്ടുകളും വേമ്പനാട്ടുകായലിലെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് ഇടതടവില്ലാതെ പ്രയാണം ചെയ്തിരുന്നു. അവയെല്ലാം ഓട്ടം ലഭിക്കാതെ തീരങ്ങളിൽ വിശ്രമത്തിലാണിപ്പോൾ.
കായൽ ടൂറിസംരംഗത്തെ മാന്ദ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പ്രദേശത്തെയാകെ എത്തിച്ചിരിക്കുകയാണ്. ടൂറിസം രംഗത്തെ തൊഴിലാളികളുടെ ദൈനംദിന ജീവിതവും കഷ്ടതയിലാണ്.
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞ് മന്ദഗതിയിലായിരുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായി എത്തിയ കൊടും ചൂട് കായൽ ടൂറിസത്തെ മാത്രമല്ല, ടൂറിസം മേഖലയെയാകെ പിന്നോട്ടടിക്കുകയാണ്.








