
കൊച്ചി: 16 വയസ്സുകാരനെ ലഹരിയ്ക്ക് അടിമയാക്കി ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ സഹോദരന്മാരായ രണ്ട് പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പ് സ്വദേശികളായ ആൽഫിൻ ആന്റണി (24), സഹോദരൻ റെൻഫിൻ ആന്റണി (21) എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയായ 16 വയസ്സുകാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വിദ്യാർത്ഥിയുമായി അടുത്ത ബന്ധം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരി ഉപയോഗ വിവരം വീട്ടുകാരെ അറിയിക്കുമെന്നും ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥി അമ്മയുടെ ഒന്നര പവൻ തൂക്കമുള്ള പാദസരം വീട്ടിൽ നിന്ന് എടുത്ത് കൈമാറുകയായിരുന്നു.
വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. തട്ടിയെടുത്ത സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


