play-sharp-fill
കോട്ടയം റയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടം ഉടൻ: നവീകരണവും പാത ഇരട്ടിപ്പിക്കലും, ത്വരിതപ്പെടുത്തണം :   തോമസ് ചാഴികാടന്‍ എം.പി

കോട്ടയം റയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടം ഉടൻ: നവീകരണവും പാത ഇരട്ടിപ്പിക്കലും, ത്വരിതപ്പെടുത്തണം :   തോമസ് ചാഴികാടന്‍ എം.പി

സ്വന്തം ലേഖകൻ

കോട്ടയം : നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന കോട്ടയം റയില്‍വെസ്റ്റേഷന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും, പാതഇരട്ടിപ്പിക്കലും ത്വരിതപ്പടുത്തണമെന്ന് തോമസ് ചാഴികാടന്‍ എം.പി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധങ്ങളായ റയില്‍വെ വികസന പ്രവര്‍ത്തനങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോട്ടയത്തെത്തിയ ഉന്നതഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായി കോട്ടയം റയില്‍വെ സ്റ്റേഷന്‍ ആധുനിക വല്‍ക്കരിക്കുന്നതിന് 20 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.  കേരളീയ വാസ്തുശില്‍പ്പമാതൃകയിലാണ് സ്റ്റേഷന്‍ നവീകരിക്കുന്നത്. കോട്ടയം റയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയാവും രണ്ടാം കവാടം ഒരുങ്ങുന്നത്. 3 കോടി രൂപയാണ് രണ്ടാം പ്രവേശന കവാടത്തിനായി നീക്കി വെച്ചിരിക്കുന്നത്. കോട്ടയം റയില്‍വെ സ്റ്റേഷനില്‍ 2 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആധുനിക മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും തോമസ് ചാഴികാടന്‍ എം.പി ആവശ്യപ്പെട്ടു.  കോട്ടയത്തെ പാര്‍ക്കിംഗ് ഏരിയായിലെ സ്ഥലപരിമിതി മൂലമാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് എന്ന ആശയം മുന്നോട്ടുവെച്ചത്. ഇരുചക്രവാഹനങ്ങള്‍ക്കായാണ് ഈ സൗകര്യം ഒരുക്കുന്നത്. കോട്ടയം റയില്‍വെ സ്റ്റേഷനിലെ സര്‍ക്കുലേഷന്‍ ഏരിയായുടെ വികസനത്തിന് 4 കോടി രൂപയും നിലവിലുള്ള പില്‍ഗ്രിം ഷെല്‍റ്ററിന്റെ നവീകരണത്തിന് 3 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ ജോലികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.  ഈ മേഖലയിലാണ് ജനസാന്ദ്രത ഏറ്റവും അധികമുള്ളത്. മുട്ടമ്പലം, പെരുംമ്പായിക്കാട്, അതിരമ്പുഴ എന്നീ വില്ലേജുകളിലെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.


കൂടാതെ മണ്ഡലത്തിലെ മുളന്തുരുത്തി, കാരിത്താസ്, കുറുപ്പുന്തറ റയില്‍വെ മേല്‍പ്പാലങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. മുളന്തുരുത്തി മേല്‍പ്പാലത്തിന് 29.94 കോടിയും, കാരിത്താസ് 19.96 കോടിയുമാണ് റയില്‍വെ വകയിരുത്തിയിട്ടുള്ളത്. കുറുപ്പുന്തറ മേല്‍പ്പാലത്തിന് ഏകദേശം 20 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കാരിത്താസ്, മുളന്തുരുത്തി മേല്‍പ്പാലങ്ങളുടെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കുറുപ്പുന്തറ മേല്‍പ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനയക്കഴപ്പിലും, തേക്കുംപാലത്തും പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.എം മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ബഡ്ജറ്റിലൂടെ തുക വകയിരുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംക്രാന്ത്രി അടിപ്പാതയില്‍ മഴക്കാലത്ത് വെള്ളം കെട്ടികിടക്കുന്നതുമൂലം യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.

ഈ ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് തോമസ് ചാഴികാടന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അത് ഉടന്‍ നടപ്പിലാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുമാരനെല്ലൂരില്‍ റയില്‍വെ ലെവല്‍ക്രോസിന് പകരമായി നിര്‍മ്മിച്ച മേല്‍പ്പാലത്തിലൂടെ ക്ഷേത്രം ഭാഗത്തേയ്ക്ക് പോകുന്ന കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുന്നു. ഇവിടെ അടിപ്പാത നിര്‍മ്മിക്കുന്നനുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രായോഗിക പഠനത്തിന് ശേഷം അടിപ്പാത നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.   ചര്‍ച്ചകള്‍ക്ക് ശേഷം തോമസ് ചാഴികാടന്‍ എം.പി മുട്ടമ്പലം അടിപ്പാത, നിര്‍മ്മാണം പുരോഗമിക്കുന്ന കെ.കെ. റോഡിലെ മേല്‍പ്പാലം, കോട്ടയം റയില്‍വെ സ്റ്റേഷന്‍, കൊടൂര്‍ പാലം, പനയക്കഴിപ്പ് പാലം, തേക്കുംപാലം, കുമാരനെല്ലൂര്‍, സംക്രാന്ത്രി തുടങ്ങിയ പ്രദേശങ്ങള്‍ ഉദ്യോഗസ്ഥരോടൊപ്പം സന്ദര്‍ശിച്ചു.
മുനിസിപ്പല്‍ കൗണ്‍ലിര്‍മാരായ സാബു പുളിമൂട്ടില്‍, ടി.സി റോയി, ജോജി കുറുത്തിയാടന്‍, വിജി എം. തോമസ്, പ്രിന്‍സ് ലൂക്കോസ് എന്നിവരും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍) ആര്‍.നന്ദഗോപാല്‍,  ഡിവിഷണല്‍ എന്‍ജിനീയര്‍ ശ്രീകുമാര്‍,  അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു സഖറിയ, അസ്സിസ്റ്റര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരിദാസന്‍, ജോസ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ എം.പിക്കൊപ്പമുണ്ടായിരുന്നു.