
ന്യൂഡൽഹി:ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ പ്രോട്ടോകോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇരുകൈകളും നീട്ടി ഹ്രസ്വമായ ആലിംഗനത്തോടെയാണ് പുടിനെ മോദി സ്വീകരിച്ചത്. ഇരുവരും മോദിയുടെ കാറില്‍ ഒരുമിച്ചാണ് താമസസ്ഥലത്തേക്ക് പോയത്. മോദി ഉപയോഗിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലാണ് ഇരുവരും വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. മോദി പുടിനെ നേരിട്ടെത്തി സ്വീകരിക്കും എന്ന വിവരം റഷ്യന്‍ സംഘത്തിന് പോലും അറിവുണ്ടായിരുന്നില്ലെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.
മോദിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി റഷ്യന്‍ സംഘത്തെ അദ്ഭുതപ്പെടുത്തിയതായും സ്പുടിനികിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലി വിമാനത്താവളത്തില്‍ പുതിനെ പ്രധാനമന്ത്രി മോദി വ്യക്തിപരമായി സ്വീകരിച്ചത് പതിവില്ലാത്ത നടപടിയാണെന്ന് ബിജെപിയും പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് അത്താഴവിരുന്നിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം പുടിന് ഇന്ത്യയില്‍ തങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ പ്രധാനമന്ത്രി മോദിയോടൊപ്പം 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.വ്യാപാരം, സാമ്ബത്തിക സഹകരണം, ശാസ്ത്ര സാങ്കേതിക മേഖല, പ്രതിരോധം, സാംസ്കാരിക വിനിമയം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ റഷ്യൻ പ്രതിനിധി സംഘം വിശദമായ ചർച്ചകള്‍ നടത്തും. പ്രാദേശികവും അന്താരാഷ്ട്രപരവുമായ നിരവധി വിഷയങ്ങള്‍ ഉച്ചകോടിയുടെ അജണ്ടയിലുണ്ടാകും.
നിലവിലുള്ള പ്രതിരോധ കരാറുകളുടെ പുരോഗതിയും പുതിയ സാങ്കേതിക കൈമാറ്റങ്ങളും,ആണവോർജ്ജം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം, ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും പേയ്മെൻ്റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ചട്ടക്കൂടുകള്‍, യുക്രെയ്ൻ സംഘർഷം, ഇൻഡോ-പസഫിക് മേഖലയിലെ സാഹചര്യങ്ങള്‍, ഭീകരവാദത്തിനെതിരായ സഹകരണം തുടങ്ങിയ ആഗോള വിഷയങ്ങള്‍ എന്നിവ സന്ദർശനത്തില്‍ ചർച്ചയാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി പുടിന് അത്താഴവിരുന്ന് നല്‍കും. ഇരു നേതാക്കളും തമ്മിലുള്ള പ്രധാന ചർച്ചകള്‍ ഡിസംബർ 5-ന് ഹൈദരാബാദ് ഹൗസിലാണ് നടക്കുക.
പുടിൻ്റെ സന്ദർശനത്തിൻ്റെ പ്രധാന പരിപാടികള്‍ നാളെയാണ് നടക്കുന്നത്. നാളെ രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് പുടിന് ഔപചാരിക സ്വീകരണം നല്‍കും. ഇതിന് ശേഷം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ അദ്ദേഹം പുഷ്പാർച്ചന നടത്തും.
ശേഷം പ്രധാനമന്ത്രി മോദിയുമായി ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച. ഉച്ചകോടിയുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സംയുക്ത പത്രപ്രസ്താവന നടത്തിയതിന് ശേഷം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ബിസിനസ് പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.
വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകുന്നേരം തന്നെ പുടിൻ ഇന്ത്യയില്‍ നിന്ന് തിരിക്കും.
ഇതിനുമുമ്ബ് 2021 ഡിസംബർ 6-നാണ് പുടിൻ ഇന്ത്യ സന്ദർശിച്ചത്. 21-ാമത് ഉച്ചകോടിയിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ കൂടിക്കാഴ്ച, റഷ്യയുമായുള്ള തന്ത്രപരമായ ബന്ധം നിലനിർത്താനുള്ള ഇന്ത്യയുടെ നയതന്ത്രപരമായ നിലപാടിനെ ലോകത്തിന് മുന്നില്‍ കൂടുതല്‍ വ്യക്തമാക്കുന്ന ഒന്നാണ്.



