ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലം സ്വകാര്യ ബേക്കറി ഉടമ കയ്യേറി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കയ്യേറിയത് അമ്മ ബേക്കറി ഉടമ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ സ്ഥലം കയ്യേറി സ്വകാര്യ ബേക്കറിയുടമ കെട്ടിടം നിർമ്മിച്ചു. കെ.എസ്.ആർ.ടി.സിയുടെ സ്ഥലം മണ്ണും മെറ്റലും ഇട്ട് നികത്തിയ ശേഷമാണ് അമ്മ ബേക്കറി ഇവിടെ പാർക്കിംങിനായി സ്ഥലം ഒരുക്കിയിരിക്കുന്നത്. ഇതിനെതിരെ കെ.എസ്.ആർ.ടി.സി അധികൃതർ കോട്ടയം തഹസീൽദാർക്ക് പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞെങ്കിലും സ്ഥലം തിരികെ പിടിക്കുന്നതിനോ കയ്യേറ്റം ഒഴിപ്പിക്കുന്നതിനോ അധികൃതർ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ ഇതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.
രണ്ട് ഏക്കർ 29 സെന്റ് സ്ഥലമാണ് നിലവിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ഏറ്റുമാനൂർ ഡിപ്പോയിൽ ഉള്ളത്. ജീവനക്കാരുടെ അപര്യാപ്തതയും ചിലവ് കുറയ്ക്കാനുള്ള ശ്രമവും മൂലം കെ.എസ്.ആർ.ടി.സിയ്ക്ക് നിലവിൽ ഡിപ്പോ മാനേജർ ഏറ്റുമാനൂരിൽ ഇല്ല. ഇതാണ് കയ്യേറ്റക്കാർക്ക് തുണയായത്. ബസുകൾ കയറിയിറങ്ങിപോകുക മാത്രം ചെയ്യുന്ന ഇവിടെ ജീവനക്കാരില്ലാതിരുന്നതോടെ അമ്മ ബേക്കറി അധികൃതർ സ്ഥലം കയ്യേറുകയായിരുന്നു. ഒരു കെട്ടിടം പൂർണമായും നിർമ്മിക്കും വരെ ഇവിടെ കയ്യേറ്റം നടക്കുന്ന കാര്യം കെ.എസ്.ആർ.ടി.സി അധികൃതർ അറിഞ്ഞതേയില്ല. കെട്ടിട നിർമ്മാണം നടന്ന ശേഷം മുന്നിലെ സ്ഥലം മണ്ണും മെറ്റലും ഇട്ട് നികത്തി ഡിപ്പോയുടെ ഉളളിലേയ്ക്ക് കയറിതുടങ്ങിയതോടെയാണ് കയ്യേറ്റം സംബന്ധിച്ചു വ്യക്തമായത്. കെ.എസ്.ആർ.ടി.സിയുടെ പഴയ സ്റ്റാൻഡ് കെട്ടിടത്തിന്റെ ഭാഗത്താണ് ഇപ്പോൾ വൻ തോതിൽ കയ്യേറ്റം നടക്കുന്നത്. പരാതി ഉയർന്നതോടെ സ്ഥലം ആളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി അധികൃതർ ഉയർത്തുന്നത്. ഏതു വിധേയനയും അമ്മ ബേക്കറിയിൽ നിന്നും സ്ഥലം തിരികെ പിടിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.