Spread the love

ചണ്ഡിഗഡ്: പഞ്ചാബിലെ സമൂഹമാധ്യമ താരമായ ‘കമൽ കൗർ ഭാഭി’യെന്ന കാഞ്ചൻ കുമാരിയെ (27) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

video
play-sharp-fill

 

കഴുത്തു ഞെരിച്ചാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുമുണ്ട്. എന്നാൽ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. ഈ മാസം 11ന് ഭട്ടിൻഡ ജില്ലയിൽ ഒരു പാർക്കിങ് സ്ഥലത്താണ് കാഞ്ചൻ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്.

കാഞ്ചനെ കഴിഞ്ഞ 9 മുതൽ കാണാതായിരുന്നു. പ്രതികളായ രണ്ടു പേരെ 13ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ നിഹാംഗ് അമൃത്പാൽ സിങ് സംഭവത്തിനു പിന്നാലെ യുഎഇയിലേക്ക് കടന്നതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപ്പെടുത്തിയശേഷം കാറിൽ കൊണ്ടുവന്നിട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും പറഞ്ഞു. കാഞ്ചന് വിദേശത്തു പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നു.

ആന്തരികാവയവങ്ങളുടെയും സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. ‘കമൽ കൗർ ഭാഭി’ എന്ന പേരിലെ കാഞ്ചയുടെ ഇൻസ്റ്റ അക്കൗണ്ട് 3.84 ലക്ഷം പേർ പിന്തുടർന്നിരുന്നു. ‘ഫണ്ണി ഭാഭി ടിവി’ എന്ന യുട്യൂബ് ചാനലിന് 2.36 ലക്ഷം വരിക്കാരുണ്ട്.

 

ജൂൺ ആദ്യവാരം ബതിൻഡയിൽ നടന്ന ഒരു കാർ പ്രമോഷൻ പരിപാടിക്കിടെയാണ് തീവ്ര സിഖ് നേതാവായ നിഹാംഗ് അമൃത്പാൽ സിങ്ങിനെ കാഞ്ചൻ പരിചയപ്പെടുന്നത്. ജൂൺ 9ന് ലുധിയാനയിലെ തന്റെ വസതിയിൽ നിന്ന് പരിപാടിക്കായി പോയപ്പോലാണ് കാഞ്ചനെ കാണാതാകുന്നത്. 11ന് ആദേശ് യൂണിവേഴ്‌സിറ്റിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഒരു കാറിൽനിന്നു ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

 

മണിക്കൂറുകൾക്കുള്ളിൽ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ് നിഹാംഗിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടുന്ന എല്ലാ ഇൻഫ്ലുവന്‍സര്‍മാരുടെയും ഗതി ഇതുതന്നെയായിരിക്കുമെന്നും ഭീഷണി വീഡിയോയില്‍ ഉണ്ടായിരുന്നു. ലുധിയാനയിലെത്തി കാഞ്ചന്റെ നീക്കങ്ങൾ നിഹാംഗ് പതിവായി നിരീക്ഷിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ യുഎഇയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.