Spread the love

കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര സ്വദേശി ജിജോ (ജോണ്‍, 53)യുടെ തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

video
play-sharp-fill

തലച്ചോറില്‍ അമിത രക്തസ്രാവം ഉണ്ടായിരുന്നുവെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ഫൊറൻസിക് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയത്തില്‍ കുന്നത്ത്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാത്രി സുഹൃത്തുക്കളായ രണ്ട് പേർക്ക് ഒപ്പം രാത്രി റബർ തോട്ടത്തില്‍ മദ്യപിക്കാനെത്തിയ ജിജോയെ വെള്ളിയാഴ്ച രാവിലെ 8.30ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപിച്ച്‌ അബോധാവസ്ഥയിലായ ജിജോയെ തോട്ടത്തിന് സമീപമുള്ള ടാർപോളിൻ കെട്ടിയ സ്ഥലത്ത് കിടത്തിയ ശേഷം സുഹൃത്തുക്കള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്നാണ് പൊലീസിനോട് ഇരുവരും പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടത്തിലേക്ക് പോകുംവഴി ജിജോയുടെ ബൈക്ക് മറിഞ്ഞിരുന്നതായും ഇവരിലൊരാള്‍ മൊഴി നൽകി. അതേസമയം മൂവരും ഒന്നിച്ചല്ല തോട്ടത്തിലേക്കെത്തിയതെന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി.

ഇതോടെ ജിജോയുടെ പരിക്ക് എങ്ങനെ സംഭവിച്ചതെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. രാത്രി ജിജോ വീട്ടിലെത്താതെ വന്നതോടെ ഇരുവരെയും വിളിച്ച്‌ ജിജോയുടെ ഭാര്യ വിവരം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പറയുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ജിജോയ്‌ക്കൊപ്പം ഉണ്ടായിരുന്നവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.