കേരളത്തിന്റെ ഹൃദയം തകർത്ത ദുരന്തം: രണ്ടാം ദിനമായ ഇന്ന് ഏഴ് മണിക്ക് തെരച്ചിൽ ആരംഭിക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതൽ സൈന്യം, മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുക നിർണായകം, ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം, ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി നിലമ്പൂരിൽ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും
കൽപറ്റ: കേരളത്തിന്റെ ഹൃദയം തകർത്ത മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം. ഇതിൽ 94 മൃതദേഹങ്ങളൂം മേപ്പാടി കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ ആണ്. 11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങൾ ഇവിടെനിന്ന് ബന്ധുക്കൾക്ക് കൈമാറി.
ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി നിലമ്പൂരിൽ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങൾ ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആണ്. 211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളിൽ നിന്ന് കിട്ടിയിരിക്കുന്നത്.
മണ്ണിനടിയിൽപ്പെട്ട ഉറ്റവർക്കായി ആധിയോടെ തെരയുന്ന മനുഷ്യരുടെ കാഴ്ചകളാണ് ചുറ്റിലും. ഇതുവരെ 481 പേരെ രക്ഷപ്പെടുത്തി. മൂവായിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. 186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരന്തത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഏഴ് മണിക്ക് തെരച്ചിൽ ആരംഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതൽ സൈന്യമെത്തും. മണ്ണിനടിയിൽ കുടുങ്ങിയവരുണ്ടോ എന്ന് കണ്ടെത്തുക നിർണായകമാണ്. ചാലിയാർ പുഴയിലും വനത്തിലും ഇന്ന് തെരച്ചിൽ നടത്തും.
പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. എത്രയും വേഗം മൃതദേഹം വിട്ടുനൽകാൻ നടപടി ഊർജിതമാക്കിയിരിക്കുകയാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് പോസ്റ്റ്മോർട്ടം നടപടികൾ തുടരുന്നത്. ഉറ്റവരെ കണ്ടെത്താൻ കഴിയാതെ നിരവധി പേരാണ് ആശുപത്രിയിൽ തുടരുന്നത്.