പത്തനംതിട്ടയിൽ സർക്കാർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ സമരത്തിൽ: മെറിറ്റിൽ സീറ്റ് ലഭിച്ച 60 വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരെ സമരം തുടങ്ങി സർക്കാർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിലാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.
ആരോഗ്യമന്ത്രിയെ വിശ്വസിച്ച് മെറിറ്റ് സീറ്റിൽ പഠിക്കാനെത്തിയ നഴ്സിംഗ് വിദ്യാർഥികളാണ് പ്രതിസന്ധിയിൽ. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു കോളേജിനായാണ് നഴ്സിംഗ് വിദ്യാർത്ഥികളുടെ തെരുവിലെ പ്രതിഷേധം.
വാടകക്കെട്ടത്തിലാണ് നഴ്സിംഗ് സ്കൂൾ നിലവിൽ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഇല്ല, കോളേജ് ബസ്സില്ല. ഒടുവിൽ ഐ.എൻ.സി അംഗീകാരമല്ലെന്ന കാരണത്താൽ പരീക്ഷഫലം ആരോഗ്യസർവകലാശാല തടഞ്ഞ നടപടി വരെയുണ്ടായി. 60 വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം തന്നെ ആശങ്കയിലായ സാഹചര്യത്തിലാണ് നിലവിലെ സമരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കൊല്ലമാണ് നഴ്സിംഗ് കോളേജ് തുടങ്ങിയത്. രണ്ട് മാസത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. പക്ഷെ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സാമ്പത്തിക ബാധ്യത മൂലം പട്ടികവർഗ്ഗ വിദ്യാർത്ഥി പഠനം നിർത്തിയ സാഹചര്യം വരെയുണ്ടായെന്നും രക്ഷിതാക്കൾ പറയുന്നത്. പ്രശ്നപരിഹാരത്തിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്.