play-sharp-fill
കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് അപകടം; ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് അപകടം; ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കലവൂർ: നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗമുള്‍പ്പെടെ രണ്ടുപേർ മരിച്ചു.

കാർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാംവാർഡ് എല്‍.ജി. നിവാസില്‍ എം. രജീഷ് (37), മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് കരോട്ടുവെളി അനന്തു (28) എന്നിവരാണു മരിച്ചത്.

ഞായറാഴ്ച രാത്രി ഒൻപതോടെ കലവൂർ മാരൻകുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലിടിച്ചശേഷം തോടിനുകുറുകെച്ചാടി സമീപവാസിയായ ദ്വാരകയില്‍ വിജയകുമാറിന്റെ വീട്ടുമുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ വലതുവശം വീടിന്റെ ഭിത്തിയിലും ഇടിച്ചു. അപകടശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷമാണ് ഇരുവരും മരിച്ചത്.

കലവൂർ വേലിക്കകത്തുവെളി രഘുവിന്റെ മകൻ അഖില്‍ (27), വളവനാട് കരോട്ടുവെളി സുനില്‍കുമാറിന്റെ മകൻ സുജിത്ത് (26), പ്രീതികുളങ്ങര സദാശിവത്തില്‍ സുരേഷിന്റെ മകൻ അശ്വിൻ ടി. സുരേഷ് (21) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അശ്വിനാണ് കാറോടിച്ചിരുന്നത്. സി.പി.എം. വളവനാട് ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മാരാരിക്കുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമാണ് രജീഷ്. അച്ഛൻ: മണിയപ്പൻ. അമ്മ: ഓമന. സഹോദരി: റാണി.

കയർഫെഡ് ജീവനക്കാരനാണ് മരിച്ച അനന്തു. അച്ഛൻ: പരേതനായ ഓമനക്കുട്ടൻ. അമ്മ: ബീന. സഹോദരൻ: അർജുൻ.