play-sharp-fill
സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിന്‍റെ ബേസ്മെന്‍റില്‍ ലൈബ്രറി നിര്‍മിച്ചത് അനധികൃതമായി; ഉടമ അറസ്റ്റിൽ, പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്

സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിന്‍റെ ബേസ്മെന്‍റില്‍ ലൈബ്രറി നിര്‍മിച്ചത് അനധികൃതമായി; ഉടമ അറസ്റ്റിൽ, പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്

ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിംഗ് സെന്‍ററിലെ ബേസ്മെന്‍റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തു. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമയും കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്റുമാണ് അറസ്റ്റിലായത്. കോച്ചിംഗ് സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഇതുസംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനാണ് അനുമതിയുള്ളത്.

 

പാര്‍ക്കിങിനുള്ള ബേസ്മെന്‍റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലെ എല്ലാ കോച്ചിംഗ് സെന്‍ററുകളിലും പരിശോധനയ്ക്ക് ദില്ലി മേയര്‍ നിര്‍ദേശം നല്‍കി.

 

അതേസമയം, സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിച്ചു. ടിയര്‍ ഗ്യാസ് പ്രയോഗിക്കാനുള്ള വാഹനങ്ങളും എത്തിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് കൈമാറാൻ തയ്യാറാകുന്നില്ലെന്ന് ദില്ലി മലയാളി അസോസിയേഷൻ പ്രതിനിധി ടോണി പറഞ്ഞു.

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദില്ലിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടില്‍ എറണാകുളം സ്വദേശി നെവിൻ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നെവിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെവിന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.

 

അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

സംഭവത്തിന് പിന്നാലെ ദില്ലി മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. ഇവര്‍ മാര്‍ച്ച്‌ നടത്താൻ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

 

വിദ്യാർത്ഥികളുമായി പൊലീസ് ചർച്ച നടത്തുകയാണ്. ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷൻ്റെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.