അര്‍ജുനായുള്ള തിരച്ചില്‍; ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ ഈശ്വർ മല്‍പെയും സംഘവും തിരച്ചില്‍ നടത്തും; ഇന്ന് നിര്‍ണായക തീരുമാനത്തിന് സാധ്യത; ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും
ബെംഗളൂരു: കർണാടകയില്‍ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത.
ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെയും സംഘവും ഇന്നും തെരച്ചില്‍ നടത്തും. എന്നാല്‍ ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് വിവരം.
ദൗത്യത്തിന്റെ പുരോഗതിയില്‍ ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നല്‍കും. ഷിരൂർ ദൗത്യത്തില്‍ നിർണായകമാകുമെന്ന് കരുതിയ ഗംഗാവലി പുഴയില്‍ ഇറങ്ങിയുള്ള പരിശോധനയിലും ഇന്നലെ നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ അടക്കം രംഗത്തിറക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ തെരച്ചില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഉഡുപ്പി അക്വാമാൻ’ എന്നറിയപ്പെടുന്ന ഈശ്വർ മല്‍പെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയില്‍ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. പുഴയുടെ നടുഭാഗത്ത്, കഴിഞ്ഞ ദിവസം സിഗ്നല്‍ കിട്ടിയ നാലാം പോയിന്റില്‍ ചെളിയും പാറയും മാത്രമാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ ഐഎഎസ് പറഞ്ഞു.