play-sharp-fill
ചെളിവെള്ളം തെറിപ്പിച്ചതിന്റെ പേരിൽ സംഘർഷം, ബൈക്കിനെ പിന്തുടർന്ന് അസഭ്യം വിളിച്ചു, ചോദ്യം ചെയ്ത അച്ഛനേയും മകനേയും ഇടുങ്ങിയ റോഡിലൂടെ വലിച്ചിഴച്ചു ഡോക്ടർമാരുടെ ക്രൂരത; പ്രതികൾക്ക് ഉന്നതരുമായി ബന്ധം, പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കുടുംബം

ചെളിവെള്ളം തെറിപ്പിച്ചതിന്റെ പേരിൽ സംഘർഷം, ബൈക്കിനെ പിന്തുടർന്ന് അസഭ്യം വിളിച്ചു, ചോദ്യം ചെയ്ത അച്ഛനേയും മകനേയും ഇടുങ്ങിയ റോഡിലൂടെ വലിച്ചിഴച്ചു ഡോക്ടർമാരുടെ ക്രൂരത; പ്രതികൾക്ക് ഉന്നതരുമായി ബന്ധം, പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കുടുംബം

കൊച്ചി: റോ‍ഡില്‍ വെള്ളം തെറിപ്പിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് യുവാക്കളുടെ ക്രൂരത.

ഇന്നലെ രാത്രി ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിലാണ് നടുക്കുന്ന സംഭവം. കേസെടുക്കാൻ പോലീസും വിസമ്മതിച്ചുവെന്നാണ് ആരോപണം.

ലോറി ഡ്രൈവറായ അക്ഷയ്, സഹോദരി അൻസു എന്നിവർ ബൈക്കിൽ വീട്ടിലേക്ക് വരുന്നതു വഴി ഇവരെ കടന്നുപോയ കാർ ചെളിവെള്ളം തെറിപ്പിച്ചു. തുടർന്ന് കാറിനു ബൈക്ക് വട്ടംവച്ച ശേഷം ചെളിവെള്ളം തെറിപ്പിച്ചത് അക്ഷയ് ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാരായ രണ്ടു യുവാക്കളും ഒരു യുവതിയുമാണു കാറിലുണ്ടായിരുന്നത്. തർക്കം നടക്കുന്നതിനിടെ കാറിന്റെ ഡ്രൈവർ അക്ഷയുടെ കഴുത്തിനു കുത്തിപ്പിടിച്ചു. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു.

എന്നാൽ, ബൈക്കിനെ പിന്തുടർന്ന കാറിലുണ്ടായിരുന്നവർ വീട്ടിലേക്ക് തിരിയുന്നതിനിടെ തങ്ങളെ അസഭ്യം വിളിച്ചതായി അൻസു പറയുന്നു. ഇതു ചോദ്യം ചെയ്യാൻ പോയ അക്ഷയ്ക്കൊപ്പം പിതാവ് സന്തോഷും ചേർന്നു.

ഈ തർക്കത്തിനിടയിൽ യുവാക്കൾ കാറിൽ നിന്ന് ഇറങ്ങിയെന്നും ഇരുകൂട്ടരുമായി മൽപ്പിടുത്തമുണ്ടായെന്നും സൂചനകളുണ്ട്. തുടർന്ന് കാറിൽ കയറിയ യുവാക്കൾ സന്തോഷിന്റെ കഴുത്തിലും അക്ഷയുടെ കൈയിലും വലിച്ചുപിടിച്ച് ഇടുങ്ങിയ റോഡിലൂടെ കാർ ഓടിച്ചുപോവുകയായിരുന്നു.

ഇതിന്റെ പിന്നാലെ അൻസു നിലവിളിച്ചുകൊണ്ട് ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. 200 മീറ്ററോളം പോയ ശേഷമാണ് സന്തോഷിനെ കാറിലുള്ളവർ പുറത്തേക്ക് തള്ളിയിടുന്നത്. നാട്ടുകാർ ഇടപെട്ടാണ് കാർ നിർത്തിച്ചതെന്നും സൂചനയുണ്ട്. തുടർന്ന് നാട്ടുകാര്‍ ഇവരെ ചേരാനെല്ലൂർ പോലീസിന് കൈമാറുകയായിരുന്നു.

രാത്രി തന്നെ തങ്ങൾ സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസ് എടുത്തില്ലെന്നു അൻസുവും കുടുംബവും പറഞ്ഞു. എന്നാൽ, കേസ് വേണ്ടെന്ന് അൻസുവിന്റെ കുടുംബം പറഞ്ഞെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ, തങ്ങൾ പരാതി എഴുതി നൽകിയതിന്റെ രസീത് ഉണ്ടെന്നും കേസ് എടുക്കാത്തത് പോലീസാണെന്നും അൻസുവും കുടുംബവും വ്യക്തമാക്കി. പ്രതികൾ ഉന്നതബന്ധമുള്ളവരായതിനാലാണ് കേസെടുക്കാത്തത്.

നാട്ടുകാർ പോലീസിനു കൈമാറിയ കാറും അതിലുള്ളവരേയും പോലീസ് ഇന്നലെ തന്നെ വിട്ടയച്ചെന്നും ഇവർ ആരോപിച്ചു. പിന്നാലെ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു.