play-sharp-fill
“ജ്യോതിയും വന്നില്ല തീയും വന്നില്ല” പത്തനംതിട്ടയിൽ എട്ടുനിലയിൽ പൊട്ടി അനിൽ ആൻറണി;നാലാം തവണയും ആന്റോ ആൻറണി തന്നെ

“ജ്യോതിയും വന്നില്ല തീയും വന്നില്ല” പത്തനംതിട്ടയിൽ എട്ടുനിലയിൽ പൊട്ടി അനിൽ ആൻറണി;നാലാം തവണയും ആന്റോ ആൻറണി തന്നെ

സ്വന്തം ലേഖകൻ

പത്തനംതിട്ട: കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കി പത്തനംതിട്ട പിടിച്ചെടുക്കാമെന്ന എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍ പിഴച്ചു.ലോക്സഭയിലേക്ക് നാലാം അങ്കത്തിനിറങ്ങിയ യു.എഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയെ തോല്‍പിക്കാൻ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ ധനമന്ത്രിയുമായ ടി.എം. തോമസ് തോമസ് ഐസക്കിന് കഴിഞ്ഞില്ല. 367210 വോട്ടാണ് ആന്റോ ആന്റണിക്ക് ലഭിച്ചത്. തോമസ് ഐസക്കിന് 301146 വോട്ടുകളും. യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത് 66064 വോട്ടിന്റെ ഭൂരിപക്ഷം.

പ്രചാരണത്തിന്റെ തുടക്കത്തില്‍, എ.കെ. ആന്റണിയുടെ മകൻ അനില്‍ ആന്റണി എൻ.ഡി.എ സ്ഥാനാർഥിയായത് പത്തനംതിട്ട മണ്ഡലത്തിന് മറ്റ് മണ്ഡങ്ങള്‍ക്കില്ലാത്ത വാർത്ത പ്രാധാന്യം നേടിക്കൊടുത്തിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ആദ്യം പ്രചാരണത്തിന് എത്തിയതും പത്തനംതിട്ടയിലാണ്. പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം (സെക്കുലര്‍) ബി.ജെ.പി.യില്‍ ലയിച്ചപ്പോള്‍ മുതല്‍ ജോർജായിരിക്കും സ്ഥാനാർഥിയെന്ന് ആദ്യഘട്ടത്തില്‍ പ്രചാരണമുണ്ടായി. എന്നാല്‍ നറുക്ക് ലഭിച്ചത് അനില്‍ ആന്റണിക്കാണ്. ഇങ്ങനെയൊക്കെയായിട്ടും 232601 വോട്ട് പിടിക്കാനേ അനില്‍ ആന്റണിക്ക് സാധിച്ചുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുകാലത്ത് യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായിരുന്ന പത്തനംതിട്ടയില്‍ കാറ്റ് മാറി വീശിത്തുടങ്ങിയിരുന്നു. 2019 ല്‍ പത്തനംതിട്ടയിലെ ആറ് നിയമസഭാമണ്ഡലങ്ങളില്‍ യു.ഡി.എഫിനും ഒന്നില്‍ എല്‍.ഡി.എഫിനുമായിരുന്നു മേല്‍ക്കൈ. എന്നാല്‍, 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴുമണ്ഡലങ്ങളും ഇടതിനൊപ്പം നിന്നു. പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാമണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടുമണ്ഡലവും ചേര്‍ന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. മണ്ഡലം രൂപവത്കരിച്ചശേഷം തുടര്‍ച്ചയായി മൂന്നുതവണയും പത്തനംതിട്ട യു.ഡി.എഫിനൊപ്പമായിരുന്നു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നുതവണയും യു.ഡി.എഫിന് തന്നെയായിരുന്നു വിജയം. ആ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ആന്റോ ആന്റണിയെ കളത്തിലിറക്കിയത്. പ്രതീക്ഷ തെറ്റിയില്ല.

എന്‍.ഡി.എ. ക്രമാനുഗതമായി വോട്ടുവിഹിതം വര്‍ധിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. 2014 ല്‍നിന്ന് 2019 ലേക്കെത്തിയപ്പോള്‍ വോട്ടുവിഹിതം ഇരട്ടിയിലേറെ കൂടി. 2019ല്‍ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രന് 297396 വോട്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കുറി എൻ.ഡി.എയുടെ വോട്ട് ശതമാനത്തില്‍ കാര്യമായ വർധനവുണ്ടായിട്ടില്ല.

അതോടൊപ്പം ക്രൈസ്തവ ന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. യു.ഡി.എഫിന് വലിയ മേല്‍ക്കൈയുണ്ടായിരുന്ന ക്രൈസ്തവവോട്ടുകളില്‍ ഒരു പങ്ക് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലേക്കെത്തി.

2009ല്‍ 1,11,206 വോട്ടിന്‍റെയും 2014ല്‍ 56,191 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ ജയിച്ച യു.ഡി.എഫിന് 2019ല്‍ ഭൂരിപക്ഷം 44,243 വോട്ടായി കുറഞ്ഞു. വോട്ടർമാരില്‍ ക്രൈസ്തവരും ഹൈന്ദവരും ഏകദേശം ഒപ്പമാണ്. 56.93 ശതമാനം ഹൈന്ദവരും 38.12 ശതമാനം ക്രൈസ്തവരും 4.60 ശതമാനം മുസ്ലിംകളുമാണുള്ളത്. പിന്നാക്കവിഭാഗങ്ങള്‍ അഞ്ച് ശതമാനം. ഹൈന്ദവരില്‍ പ്രബലർ നായർ സമുദായമാണ്. തൊട്ടുപിന്നില്‍ ഈഴവർ.