Sunday, April 26, 2026

കരുവന്നൂരില്‍ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു, ബാങ്കിലുണ്ടായിരുന്നത് 14 ലക്ഷം; ആകെ നൽകിയത് 1,90,000 രൂപ 

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂർ: കരുവന്നൂര്‍ സഹകരണബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബത്തിന്‍റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 നാണ് മരിച്ചത്.

അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നുവെന്ന് കുടുബം പറഞ്ഞു. പതിനാല് ലക്ഷമാണ് ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. ഈ പണം തിരികെ കിട്ടിയിരുന്നെങ്കില്‍ ചികിത്സ സുഖമായി നടത്താമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞരമ്പിന്റെ പ്രശ്നമുള്ളതിനാല്‍ കൈക്കും കാലിനും ശശിക്ക് സ്വാധീനമുണ്ടായിരുന്നില്ല. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ് പെട്ടന്ന് രക്തസമ്മര്‍ദ്ദം കൂടിയത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉടൻ ശസ്ത്രക്രിയ വേണമെന്ന് അധികൃതര്‍ അറിയിച്ചു. ബാങ്കിലെ സെക്രട്ടറിയെ വിളിച്ച്‌ പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 9000 രൂപ തരാനേ കഴിയുവെന്നും മറ്റൊരു മാര്‍ഗവുമില്ലെന്നുമായിരുന്നു മറുപടി. പിന്നീട് വാര്‍ഡ് മെമ്പറിനെ അടക്കം വിളിച്ചപ്പോള്‍ ഒരു ലക്ഷം തന്നു. ആകെ 1,90,000 രൂപയാണ് ഇതുവരെ ശശിയുടെ കുടുംബത്തിന് ലഭിച്ചത്.

പ്രായമായ അമ്മയ്ക്കും ഇനി മുന്നോട്ട് പോകാൻ വേറെ മാര്‍ഗമില്ലെന്ന് മരിച്ച ശശിയുടെ സഹോദരിയും പറഞ്ഞു. അമ്മയും സഹോദരനും രോഗബാധിതരാതോടെയാണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കില്‍ നിക്ഷേപിച്ചത്. ബാങ്കില്‍ നിന്നും പലിശയിനത്തില്‍ ലഭിക്കുന്ന പണം കൊണ്ട് ജിവിക്കാമെന്നായിരുന്നു പ്രതീക്ഷ. അതാണ് ഈ അവസ്ഥയില്‍ അവസാനിച്ചതെന്നും കുടുംബം പറഞ്ഞു. ശശിയുടെ ചികിത്സക്കായി പലയിടത്ത് നിന്നും കടം വാങ്ങി. ഇതെല്ലാം തിരികെ നല്‍കണമെങ്കില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടണം. ഇതിന് ബാങ്ക് കനിയണമെന്ന ദുരവസ്ഥയിലാണ് ഇപ്പോൾ കുടുംബം.