
സ്വന്തം ലേഖിക
പത്തനംതിട്ട: തിരുവല്ല അര്‍ബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് മുൻ മാനേജര്‍ പ്രീത സി കെ. മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പ്രീത പണം തിരിച്ചടച്ച് തടിയൂരിയത്.
തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍റെ പരാതിയില്‍ പ്രീതയ്ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് പ്രീത തട്ടിയെടുത്തത്. മൂന്ന് ലക്ഷം രൂപയാണ് നിലവില്‍ തിരിച്ചടച്ചിട്ടുള്ളത്. പലിശ ഉള്‍പ്പെടെ മുഴുവൻ തുകയും കിട്ടാതെ പരാതി പിൻവലിക്കില്ലെന്ന് നിക്ഷേപക അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2015 ലാണ് തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അര്‍ബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉള്‍പ്പെടെ ആറേമുക്കാല്‍ ലക്ഷം രൂപ 2022 ഒക്ടോബറില്‍ പിൻവലിക്കാൻ അപേക്ഷ നല്‍കി. നിക്ഷേപത്തിന്‍റെ അസ്സല്‍ രേഖകള്‍ ഉള്‍പ്പെടെ വാങ്ങിവെച്ച ജീവനക്കാര്‍ പക്ഷേ പണം തിരികെ നല്‍കിയില്ല. തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ ബാങ്ക് ചെയര്‍മാന്‍റെ ഒത്താശയിലാണ് പണം തട്ടിയെന്നാണ് നിക്ഷേപക ആരോപിക്കുന്നത്.
എന്നാല്‍ തട്ടിപ്പുകാരിയായ ജീവനക്കാരിയെ അന്നുതന്നെ പുറത്താക്കിയെന്നും നിക്ഷേപകയുടെ നഷ്ടമായ പണം തിരിച്ചു കിട്ടാൻ എല്ലാ സാധ്യതകളും ബാങ്ക് തേടുന്നുണ്ടെന്നുമാണ് ചെയര്‍മാൻ വിശദീകരിക്കുന്നത്. നിക്ഷേപകയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സഹകരണ വകുപ്പ്, പണം ഉടൻ തിരികെ നല്‍കാൻ ഉത്തരവിട്ടു. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്തില്‍ അതെല്ലാം ഭരണസമിതി മറികടന്നു. തുടര്‍ന്നാണ് അര്‍ബൻ സഹകരണ ബാങ്കിനെതിരെ നിക്ഷേപക ഹൈക്കോടതിയെ സമീപിച്ചത്.









