വമ്പൻമാരുടെ 450 കോടി കുടിശിക പിരിച്ചെടുത്തിട്ട് മതി ഇനി വൈദ്യുതി ചാർജ് വർധനവ്: വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നിയമപോരാട്ടത്തിന്; കുടിശിക തുക പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിലേയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: വമ്പൻമാരുടെ 450 കോടിരൂപയുടെ വൈദ്യുതി കുടിശിക പിരിച്ചെടുക്കാതെ പ്രളയത്തിന്റെ പേരിൽ വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം. വൈദ്യുതി ചാർജ് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി എം.എം മണി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ലൈവ് വൈദ്യുതി കുടിശികയുള്ള വൻകിടക്കാരുടെ വിവരങ്ങൾ തേടി വിവരാവകാശ അപേക്ഷ നൽകിയത്. സംസ്ഥാനത്തെ വൻകിട സ്വകാര്യ ആശുപത്രികളും സ്ഥാപനങ്ങളും അടക്കമുള്ള 1320 സ്ഥാപനങ്ങളിൽ നിന്നായി 237 കോടി രൂപയാണ് കെ.എസ്.ഇ.ബി പിരിച്ചെടുക്കാനുള്ളത്. ഇവർ കേസ് നൽകി തീർപ്പാക്കാതെ ഇട്ടിരിക്കുന്ന 212 കോടി രൂപ കൂടി കണക്കിലെടുക്കുമ്പോൾ 450.71 കോടി രൂപയാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങൾ വൈദ്യുതി വകുപ്പിന് കുടിശിക ഇനത്തിൽ നൽകാനുള്ളത്.
ഈ തുക പിരിച്ചെടുക്കാതെ വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള വൈദ്യുതി വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും നടപടിയ്ക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നേരിട്ട് നിയപോരാട്ടം ആരംഭിക്കാൻ തുടങ്ങുകയാണ്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി പിരിച്ചെടുക്കാതെ കിടക്കുന്ന തുക പിരിച്ചെടുത്ത ശേഷം മാത്രമേ ഇനി വൈദ്യുതി ചാർജ് വർധിപ്പിക്കാൻ അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയെ സമീപിക്കുകയാണ്. വൈദ്യുതി ചാർജ് ഇനത്തിൽ വൻകിടക്കമ്പനികൾ കോടികൾ കുടിശിക അടയ്ക്കാനുള്ളപ്പോഴാണ് ഇത്തരത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്ന തന്ത്രങ്ങൾ വകുപ്പ് തുടരുന്നത്. വൈദ്യുതി കുടിശിക ഉടൻ പിരിച്ചെടുക്കാൻ ഉത്തരവിടണമെന്ന് അഭ്യർത്ഥിച്ച് ഈ ആഴ്ച തന്നെ തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിൽ ഹർജി നൽകും. ഈ വിധിയുടെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് തുടർ നടപടികളിലേയ്ക്കു കടക്കുന്നതിനാണ് എഡിറ്റോറിയൽ ടീം ആലോചിക്കുന്നത്.
സാധാരണക്കാരായ ആളുകളുടെ വീടുകലിൽ നൂറ് രൂപ പോലും കുടിശിക ഉണ്ടായാൽ ഉടൻ തന്നെ ഫ്യൂസ് ഊരാൻ അടക്കം ഇറങ്ങിപ്പുറപ്പെടുന്ന വൈദ്യുതി വകുപ്പ് അധികൃതർ പക്ഷേ, ഇത്തരത്തിൽ വൻ തുക കുടിശികയുള്ള വമ്പൻമാരുടെ ഫ്യൂസിൽ തൊടാറില്ല. ഇത്തരത്തിലുള്ള ഇരട്ടത്താപ്പിനെതിരെയാണ് തേർഡ് ഐ ന്യൂസ് ലൈവ് നിയമനടപടി ആരംഭിച്ചിരിക്കുന്നത്.