Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഹരിപ്പാട് : ആറാട്ടുപുഴയിൽ അപ്രതീക്ഷിതമായുണ്ടായ കടലാക്രമണം വിവിധ ഭാഗങ്ങളിൽ ദുരിതം വിതച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായി.

പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പെരുമ്പള്ളിയിൽ നാട്ടുകാർ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചു. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കൽ പെരുമ്പള്ളി രാമഞ്ചേരി എം.ഇ.എസ്. ജങ്ഷൻ എന്നിവിടങ്ങളിലാണ് ഇന്നലെ കടലാക്രമണം ദുരിതം വിതച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരയിലേക്ക് അടിച്ച് കയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി. വലിയഴിക്കൽ പെരുമ്പള്ളി ഭാഗങ്ങളിൽ വലിയഴിക്കൽ- തൃക്കുന്നപ്പുഴ റോഡ് മണ്ണിനടിയിലായി.

ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. രാമഞ്ചേരി മുതൽ പെരുമ്പള്ളി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ കടൽഭിത്തി പേരിനു പോലും നിലവിലില്ല. ഇവിടെ കടലാക്രമണം കൂടുതൽ പ്രശ്നം സൃഷ്ടിച്ചു. കടൽവെള്ളം തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി.

റോഡിന് ഇരുവശങ്ങളിലും ഉള്ള വീടുകൾ വെള്ളത്തിലായി. വലിയഴിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ വലിയഴിക്കൽ പാലം വരെയുള്ള 150 മീറ്റർ ഭാഗത്ത് കടൽഭിത്തി ദുർബലമായതിനാൽ ചെറുതായി ഒന്ന് തിരയിളകിയാൽ പോലും തീരദേശ റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണ് ഉള്ളത്. ദുരിതം പലതവണ ആവർത്തിച്ചിട്ടും പ്രശ്നപരിഹാരത്തിന് നടപടികൾ വൈകുകയാണ്.

ഇവിടെയുള്ള വീട്ടുകാർക്കും കച്ചവട സ്ഥാപനങ്ങൾക്കും കടലാക്രമണം പ്രയാസം സൃഷ്ടിച്ചു. വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. . വലിയഴിക്കൽ പാലത്തിലേക്ക് കയറുന്ന തുടക്കഭാഗത്താണ് പ്രശ്നം ഗുരുതരമായിട്ടുള്ളത്. ശക്തമായി കടലാക്രമം ഉണ്ടാവുന്ന അവസരങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യമുള്ളത്.