
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ എറ്റിഎം ടെക്നീഷ്യന് പോക്സോ കേസില്‍ അറസ്റ്റില്‍. ആനാട് നെട്ടറകോണം കൃഷ്ണ വിലാസത്തില്‍ രാഹുലാണ് പൊലീസ് പിടിയിലായത്. ഒരു വര്‍ഷം മുന്‍പ് നെടുമങ്ങാട്ടെ ഒരു ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി രാഹുലിനെ പരിചയപ്പെട്ടത്.അക്കൗണ്ട് ഓപ്പണിങ് ഫോം പൂരിപ്പിക്കാന്‍ പേന നല്‍കിയായിരുന്നു പരിചയപ്പെടല്‍. പിന്നീട് അത് പ്രണയമായി വളരുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠിയായ യുവാവും ഇവരുടെ പ്രണയത്തിന് സഹായിയായിരുന്നു. തുടര്‍ന്ന് രാഹുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അക്ഷയ കേന്ദ്രത്തിലേയ്ക്ക് പോയ പെണ്‍കുട്ടി ഇയാള്‍ക്ക് ഒപ്പം ഒളിച്ചോടിയത്.
ഈ മാസം 13ാം തീയതിയാണ് നെടുമങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. രാവിലെ അക്ഷയ സെന്ററില്‍ പോയ മകള്‍ മടങ്ങി വരാത്തതിനാല്‍ കൂട്ടുകാരുടെ വീടുകളിലൊക്കെ അന്വേഷിച്ച് പരാജയപ്പെട്ടപ്പോഴാണ് അമ്മയും അച്ഛനും നെടുമങ്ങാട് സിഐ എസ്.സതീഷ് കുമാറിനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സിഐ സതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അപ്പോള്‍ തന്നെ നെടുമങ്ങാട് അക്ഷയ സെന്ററിന് മുന്നിലെത്തി അവിടെത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കാണാതായ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം പള്‍സര്‍ ബൈക്കില്‍ കയറി പോകുന്നത് കണ്ടു. ബൈക്കിന്റെ നമ്ബരും യുവാവിന്റെ ചിത്രവും വ്യക്തമല്ലാത്തതിനാല്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വ്യക്തത കിട്ടിയില്ല. ജില്ലാ അതിര്‍ത്തികളിലെ സിസിടിവി പരിശോധിച്ചതോടെ കൊല്ലം ജില്ലയിലെ ആയുര്‍ വരെ ഇവര്‍ സിസിടിവി പരിധിയില്‍ തന്നെ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതിനിടെ പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ പത്തനംതിട്ട ഏനാത്ത് വെച്ച് സ്വിച്ച് ഓഫ് ആയി.
ഇതിനിടെ ആനാട് നെട്ടറകോണം കൃഷ്ണ വിലാസത്തില്‍ രാഹുലിനെ കാണാനില്ലന്ന പരാതിയും പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കാണിച്ചപ്പോള്‍ ബന്ധുക്കള്‍ പെണ്‍കുട്ടിക്ക് ഒപ്പമുള്ളത് രാഹുല്‍ ആണെന്ന് സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇവരെ കണ്ടെത്തുക വെല്ലുവിളിയായിരുന്നു. പക്ഷേ, രാഹുലിന്റെ അമ്മയുടെ ഫോണ്‍ പൊലീസ് നിരീക്ഷിച്ചതോടെ കോട്ടയം കുമ്മനം സ്വദേശിയായ ഒരു സത്രീ ഇവരെ നിരന്തരം വിളിക്കുന്നതായി മനസിലായി. തുടര്‍ന്ന് കുമ്മനത്ത് എത്തിയ പൊലീസ് ഫോണ്‍ വിളിച്ച സ്ത്രീയെ ചോദ്യം ചെയ്തപ്പോള്‍ രാഹുലും പെണ്‍കുട്ടിയും വൈക്കത്ത് ബിജു എന്നയാളുടെ വീട്ടിലുണ്ടെന്ന വിവരം കിട്ടി.
രാഹുലിന്റെ അമ്മയുടെയും കുമ്മനത്തെ സ്ത്രീയുടെയും ഫെയ്സ് ബുക്ക് ഫ്രണ്ടായ ബിജുവിന്റെ വീട്ടില്‍ പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ അവര്‍ കടന്നു കളഞ്ഞിരുന്നു. ഭാര്യ ഉപേക്ഷിച്ചു പോയ ബിജു ഒറ്റയ്ക്കായിരുന്നു താമസം. രാഹുലിനെയും പെണ്‍കുട്ടിയേയും ഒളിവില്‍ താമസിപ്പിച്ചതിന് ബിജുവിനെ അറസ്റ്റു ചെയ്ത് പൊലീസ് നെടുമങ്ങാട് എത്തിച്ചു.
ഒളിവില്‍ കഴിയുന്ന രാഹുലിനെ സമ്മര്‍ദ്ദപ്പെടുത്തുക എന്ന തന്ത്രമാണ് പൊലീസ് പ്രയോഗിച്ചത്. ഇതിന്റെ ഭാഗമായി എ റ്റി എം മെഷീന് സര്‍വ്വീസ് കാരായ ഹിറ്റാച്ചി കമ്പനിയുമായി പൊലീസ് നേരിട്ട് ബന്ധപ്പെട്ടു. കമ്പനിയുടെ ആപ്പ് രാഹുല്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. കമ്പനി നല്കിയ സി യു ജി ഫോണ്‍ വാട്സ് ആപ്പ് കോളിന് രാഹുല്‍ ഉപയോഗിക്കുന്നതായും മനസിലായി. ഫോണ്‍ ഓണ്‍ ആക്കാതെ ഡോണ്ങ്കില് ഉപയോഗിച്ചാണ് രാഹുല്‍ വാട്സ് അപ് കോള്‍ ചെയ്തിരുന്നത്.
പെണ്‍കുട്ടിക്ക് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാന്‍ ഇനി 80 ദിവസം കൂടി ശേഷിക്കുന്നുണ്ടായിരുന്നു. അത്രയും ദിവസം ഒളിവില്‍ കഴിഞ്ഞിട്ട് കീഴടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ പൊലീസ് നിര്‍ബന്ധ പ്രകാരം ഹിറ്റാച്ചി കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് അന്ത്യശാസനം കൂടി നല്‍കിയതോടെ കൃത്യം ഒരാഴ്ചക്കകം പെണ്‍കുട്ടിയുമായി പ്രതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തി. പോക്സോ കേസില്‍ പ്രതിയായ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് ഒപ്പം വിട്ടു. പ്രതി റിമാന്റിലാണ്.







