
സ്വന്തം ലേഖിക
പത്തനംതിട്ട: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിൽ അജ്‌ഞാത മൃതദേഹങ്ങളുടെ വിൽപ്പന തകൃതിയായി നടക്കുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്‌ഥാനത്തെ നാലു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഒന്നിന് 40,000 രൂപ നിരക്കിൽ പഠനാവശ്യത്തിനായി സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിറ്റത് 58 അജ്‌ഞാത മൃതദേഹങ്ങളാണ്.
പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌ഥാനത്ത് 14 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളാണുള്ളത്. ഇതില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ മൃതദേഹ വില്‍പ്പനയുടെ കണക്കാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയും ലഭിച്ചു.
2008 ഡിസംബര്‍ 12 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് അവകാശികള്‍ ഇല്ലാത്തതും തിരിച്ചറിയാത്തതുമായ മൃതദേഹങ്ങള്‍ ഒന്നിന് 40,000 രൂപ ക്രമത്തില്‍ ഈടാക്കി സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് പഠനാവശ്യത്തിന് നല്‍കി തുടങ്ങിയത്.
2018 ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ മേയ് 31 വരെ ഇപ്രകാരം നല്‍കിയ മൃതദേഹങ്ങളുടെ കണക്കാണ് വിവരാവകാശ പ്രകാരം ചോദിച്ചിരുന്നത്.
തിരുവനന്തപുരം-18, കോട്ടയം-11, തൃശൂര്‍-11, കോഴിക്കോട്-18 എന്നിങ്ങനെയാണ് നല്‍കിയ മൃതദേഹങ്ങളുടെ കണക്ക്. അടുത്ത കാലത്ത് ആരംഭിച്ച മഞ്ചേരി, കോന്നി, വയനാട്, ഇടുക്കി എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് മൃതദേഹം കൈമാറ്റം ചെയ്യപ്പെട്ടു തുടങ്ങിയിട്ടില്ല. ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ വണ്ടാനം മെഡിക്കല്‍ കോളജ് അധികൃതര്‍ ഒഴിഞ്ഞു മാറി.







