Spread the love

ബംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി ഡി.കെ. ശിവകുമാറിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.

video
play-sharp-fill

ജൂണ്‍ മൂന്ന് ബുധനാഴ്ച വൈകുന്നേരം 4.05-ന് ലോക് ഭവൻ പരിസരത്ത് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ശനിയാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തില്‍ സിദ്ധരാമയ്യ തന്നെയാണ് ശിവകുമാറിന്റെ പേര് നിർദേശിച്ചത്. മുതിർന്ന നേതാവ് ജി. പരമേശ്വര ഇതിനെ പിന്തുണച്ചു. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം ഐകകണ്‌ഠ്യേനയുള്ള ഈ തീരുമാനത്തിലൂടെ പാർട്ടിയിലെ വലിയൊരു പ്രതിസന്ധിക്കാണ് താത്കാലികമായി അറുതിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ച നടത്തിയ ശിവകുമാർ, ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കൈമാറി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ധൂർത്ത് ഒഴിവാക്കാൻ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ഉദ്ദേശിക്കുന്നത്.

പാർട്ടിയില്‍ വലിയൊരു അധികാരത്തർക്കം എല്ലാവരും പ്രവചിച്ചിരുന്നെങ്കിലും, യാതൊരുവിധ പ്രതിഷേധവുമില്ലാതെ സിദ്ധരാമയ്യ സ്ഥാനം ഒഴിയാൻ തയ്യാറായതാണ് കാര്യങ്ങള്‍ സുഗമമാക്കിയത്. എട്ട് വർഷക്കാലം മുഖ്യമന്ത്രിയായി മികച്ച ഭരണം കാഴ്ചവെച്ച സിദ്ധരാമയ്യയെ അഭിനന്ദിച്ചുകൊണ്ട് ഡി.കെ. ശിവകുമാർ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.

 

കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് കുറവായിരുന്നിട്ടും സംസ്ഥാനത്തിന്റെ ധനസ്ഥിതിയും ക്ഷേമപദ്ധതികളും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ പരിചയസമ്പത്ത് ഇനി ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പും 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ അദ്ദേഹം ജനപ്രതിനിധികളോട് ആഹ്വാനം ചെയ്തു. കെ.സി. വേണുഗോപാലിന് പുറമെ കർണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സിങ് സുർജേവാല, മുതിർന്ന നേതാവ് ജയറാം രമേശ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

നേതൃമാറ്റം സുഗമമായി നടന്നതിന് പിന്നാലെ പുതിയ മന്ത്രിസഭയില്‍ ഇടംപിടിക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അണിയറ നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്. നിരവധി എംഎല്‍എമാർ ഡല്‍ഹിയിലും മുതിർന്ന നേതാക്കളുടെ വസതികളിലും ക്യാമ്പ് ചെയ്ത് സമ്മർദം ചെലുത്തുന്നുണ്ട്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച്‌ ഹൈക്കമാൻഡ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

 

ഭരണത്തില്‍ ജാതി സമവാക്യങ്ങള്‍ പാലിക്കുന്നതിനായി ഉപമുഖ്യമന്ത്രി പദവികള്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും ഇപ്പോള്‍ വ്യക്തതയില്ല. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുക മാത്രമായിരുന്നു ഇന്നത്തെ അജണ്ടയെന്നും, മന്ത്രിസഭാ രൂപീകരണം ഉള്‍പ്പെടെയുള്ള ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മുതിർന്ന നേതാവ് ബി.കെ ഹരിപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.