അയൽ രാജ്യങ്ങളുമായുള്ള ചർച്ച ഫലിച്ചു; ഖത്തറിന് സ്വന്തം എയർസ്‌പേസ്
ദോഹ: ഖത്തറിന് സ്വന്തമായി ഒരു എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ദോഹ എയർസ്‌പേസ് ഈ മാസം 8 മുതൽ നിലവിൽ വരും. സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ (എഫ്ഐആർ) കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണിത്. യു.എ.ഇ, സൗദി അറേബ്യ, ഇറാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ പേരിലാണ് നിലവിൽ എഫ്.ഐ.ആർ. പുതിയ കരാർ നടപ്പിലാകുന്നതോടെ ബഹ്റൈനിൽ നിന്നുള്ള ഖത്തറിന്‍റെ വ്യോമപാത തിരികെ ലഭിക്കും.
യു.എ.ഇയിലേക്കുള്ള 70 ശതമാനം വിമാനങ്ങളും ഈ മാസം 8 മുതൽ ഖത്തർ വ്യോമാതിർത്തിയിലൂടെ കടന്നുപോകും. ഈ വർഷം മാർച്ചിൽ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ (ഐസിഎഒ) ദോഹ എഫ്ഐആർ സോൺ രൂപീകരണത്തിന് അംഗീകാരം നൽകിയിരുന്നു. കൗൺസിലിന്‍റെ അനുമതി ലഭിച്ച ശേഷം അയൽരാജ്യങ്ങളുമായി നടത്തിയ സമഗ്രമായ ചർച്ചകൾക്കൊടുവിലാണ് കരാർ ഒപ്പിട്ടത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇറാനുമായി ആദ്യമായി കരാർ ഒപ്പിട്ടത്.
വിമാന സർവീസുകൾക്ക് ഖത്തർ വ്യോമാതിർത്തി ഉപയോഗിക്കുന്നത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. വർഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലമായി ഖത്തറിന്‍റെ സ്വന്തം പേരിലാണ് വ്യോമപാത നടപ്പാക്കുന്നത്. നേരത്തെ, ഖത്തറിന് മുകളിലുള്ള വ്യോമപാതയുടെ നിയന്ത്രണം ബഹ്റൈന് ആയിരുന്നു. ബഹ്റൈൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് 2017 ൽ ബഹ്റൈൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിൽ നിന്ന് ഖത്തറിന് വിലക്കേർപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group