play-sharp-fill
തിരുനക്കരയിൽ സ്വന്തമായി സ്ഥലം ഉള്ളപ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീകുമാർ

തിരുനക്കരയിൽ സ്വന്തമായി സ്ഥലം ഉള്ളപ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീകുമാർ


സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കരയിൽ പോലീസിന്റെ ഉടമസ്ഥതയിൽ സ്ഥലം കിടക്കുമ്പോൾ നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പി പൊലീസ്. കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് പൊലീസ് നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പിയിറങ്ങിയിരിക്കുന്നത്. നഗരത്തിലെ പൊലീസ് സാന്നിധ്യം കുറഞ്ഞതോടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യവസായിയായ എ.കെ ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനും, ഡിജിപി ലോക്നാഥ് ബഹ്റയ്ക്കും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും നേരത്തെ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് നഗരമധ്യത്തിലേയ്ക്ക് പൊലീസ് സ്റ്റേഷൻ മാറ്റുന്നതിന് അടിയന്തിര നടപടി എടുക്കാമെന്ന് ഡിജിപി എ.കെ ശ്രീകുമാറിന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ അന്വേഷണം നടത്താൻ കോട്ടയം ഡിവൈഎസ്പി, ആർ.ശ്രീകുമാറിനു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർദേശവും നൽകിയിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് നഗരമധ്യത്തിൽ അനുയോജ്യമായ കെട്ടിടങ്ങൾ വാടകയ്ക്ക് ലഭിക്കുമോ എന്ന പരിശോധന പൊലീസ് ആരംഭിച്ചത്. തുടർന്ന് ഇതിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുകയുമാണ്.

എന്നാൽ, നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷൻ പണിയുന്നതിനു മാത്രമായി രാജകുടുംബം നഗരസഭയ്ക്ക് വിട്ടു നൽകിയ സ്ഥലത്ത് തന്നെ പൊലീസ് സ്റ്റേഷൻ പണിയണമെന്ന ആവശ്യമാണ് ശ്രീകുമാർ ഉയർത്തുന്നത്. പൊലീസ് സ്റ്റേഷൻ നിർമ്മിക്കാനുള്ള സ്ഥലത്ത് ഇത് നിർമ്മിക്കാത്തത് നഗരസഭയിലെ ചില വ്യക്തികളും ജോസ്‌കോ ജുവലറിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ആരോപിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലത്തു നിന്നു പൊലീസ് സ്റ്റേഷൻ മാറ്റിയതിനു ശേഷം ഇതുവരെ പുതിയ കോംപ്ലക്സ് പോലും നിർമ്മിക്കാത്തത് ഒത്തുകളിയുടെ ഭാഗമാണെന്നും ഇദ്ദേഹം ആരോപണം ഉന്നയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ നഗരഹൃദയത്തിലുള്ള സ്വന്തം സ്ഥലത്ത് കെട്ടിടം പണിയാതെ വാടക കെട്ടിടത്തിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീകുമാർ അറിയിച്ചു.