Spread the love

തൊടുപുഴ: ജില്ലയിൽ അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ഉണ്ടോ… രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം നിലയ്ക്കുന്നതിന് പിന്നിൽ അനൗദ്യോഗിക പവർകട്ടാണെന്ന സംശയം ശക്തമാണ്.

video
play-sharp-fill

രാപകൽ ഭേദമന്യേ വൈദ്യുതി മുടങ്ങുന്നതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതു മൂലം വീടുകളിൽ കിടന്നുറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ് തിരികെയെത്തുന്നത്. ഇടവിട്ടുള്ള വൈദ്യുതി മുടക്കം ടൗണിലെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിളിച്ചു ചോദിച്ചാലും കൃത്യമായ മറുപടിയില്ല. പലപ്പോഴും തൊടുപുഴ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.

രാത്രിയും പകലും കൊടും ചൂടാണ് ജില്ലയിലെമ്പാടും അനുഭവപ്പെടുന്നത്. ഫാനോ എസിയോ ഇല്ലാതെ വീടുകളിലോ ഓഫീസുകളിലോ കഴിയാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. അർദ്ധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീണ്ടു നിൽക്കും.

ചൂട് മൂലം ഉണർന്നിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പതിവായി വൈദ്യുതി മുടങ്ങുന്നതിനാൽ ജന്നാലകൾ തുറന്നിട്ട് കിടക്കാമെന്ന് വച്ചാൽ ഇഴചന്തുകളെ പേടിച്ച് അതും വയ്യ. അതിനാൽ വൈദ്യുതി മുടങ്ങിയാൽ ചൂട് സഹിച്ചു കഴിയുകയേ നിവൃത്തിയുള്ളൂ.

വലിയ സ്ഥാപനങ്ങളിൽ ജനറേറ്ററും മറ്റുമുണ്ടെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങളില്ല. വൈദ്യുതി മുടക്കം ചെറുകിട വ്യവസായ യൂണിറ്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വൈദ്യുതിയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സ്ഥാപനങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, സ്റ്റുഡിയോ, കോൾഡ് സ്റ്റോറേജുകൾ, ഐസ്‌ക്രീം, ജൂസ് പാർലറുകൾ, ഹോട്ടലുകൾ, പ്രിന്റിംഗ് പ്രസ്, ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ വൈദ്യുതി മുടക്കം മൂലം പ്രതിസന്ധിയിലാണ്.

]വൈദ്യതി സംബന്ധമായ ഉപഭോക്താക്കളുടെ പരാതികൾ അറിയിക്കാൻ വെവ്വേറെ ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ പോലും കിട്ടില്ലെന്ന ആക്ഷേപവും ഏറെനാളായുണ്ട്. പലപ്പോഴും ബെല്ലടിച്ചാലും ഉദ്യോഗസ്ഥർ ഫോൺ എടുക്കില്ല.

മറ്റു ചിലപ്പോൾ ഈ ഫോൺ നമ്പറുകൾ പ്രവർത്തനരഹിതമായിരിക്കും. അഥവ എടുത്താലും തകരാ‌ർ പരിഹരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോ ശരിയാക്കാമെന്നോ രാത്രിയായതിനാൽ പോസ്റ്റിൽ കയറാൻ കഴിയില്ലെന്നോ മറ്റുമുള്ള മുട്ടാപ്പോക്ക് മറുപടികളാണ് നൽകുക.