Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ആയിരം രൂപ കൈക്കൂലി വാങ്ങിയ ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ ചെമ്പഴന്തി സ്വദേശിയായ സി. ശ്രീകുമാരനെ വിജിലൻസ് പൊലീസ് അറസ്റ്റ് ചെയ്തു. വഴുതയ്ക്കാട് ജംക്ഷനിലെ പഴം– പച്ചക്കറി വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈസൻസിനുള്ള അപേക്ഷ നൽകിയശേഷം തൈക്കാട് സ്വദേശിയായ വ്യാപാരി കട പ്രവർത്തനം തുടങ്ങി. എന്നാൽ ശ്രീകുമാരൻ കട പൂട്ടാൻ നോട്ടീസ് നൽകി.

ആദ്യം നൽകിയ അപേക്ഷ കാണാനില്ലെന്നും ഒരിക്കൽക്കൂടി അപേക്ഷ നൽകാനും എച്ച്ഐ ആവശ്യപ്പെട്ടു. രണ്ടാമതും അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച കടയിലെത്തിയ എച്ച്ഐ ആയിരം രൂപ ഫീസും രണ്ടായിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതായപ്പോൾ വ്യാപാരിയുടെ ഭാര്യയുടെ ഫോണിൽ വിളിച്ച് പണം റെഡിയാണോയെന്ന് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വ്യാപാരി തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദ്കുമാറിനെ അറിയിച്ചു. ഇന്നലെ ഉച്ചയോടെ വിജിലൻസ് നൽകിയ രണ്ടായിരം രൂപ എച്ച്ഐയ്ക്ക് വ്യാപാരി കൈമാറി. ബാധ്യതകൾ ഉണ്ടെന്ന് കേണപേക്ഷിച്ചപ്പോൾ ആയിരം രൂപ തിരികെ നൽകി. ഇതിനിടെ ഓഫിസിലെത്തിയ വിജിലൻസ് സംഘം ശ്രീകുമാരന്റെ പക്കൽ നിന്നു ബാക്കി ആയിരം രൂപ കണ്ടെടുത്തു.

ഇൻസ്പെക്ടമാരായ ഷാജകുമാർ, സനൽകുമാർ, സബ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, അജിത്ത്കുമാർ, ഷെഹിർഷ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, മധു, ശ്യാംകുമാർ, പ്രേംദേവ്, ഹാഷിം, അരുൺ, അനീഷ്, രാജേഷ്, അശ്വിൻ എന്നിവർ ചേർന്ന സംഘമാണ് ശ്രീകുമാരനെ അറസ്റ്റു ചെയ്തത്.