
എക്സ്റേ എടുക്കാന്‍ എഴുതി നല്‍കിയത് സ്ഥാനം മാറി; ചോദ്യം ചെയ്തപ്പോള്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് ഭീഷണി; ഒടുവില്‍ പണിയിരന്ന് വാങ്ങി ഡോക്ടര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എക്സ്റേ എടുക്കാന്‍ സ്ഥാനം മാറി എഴുതി നൽകിയത് ചോദ്യം ചെയ്ത രോഗിയോടും കൂട്ടിരിപ്പുകാരനോടും മോശമായി പെരുമാറിയ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ അനന്തകൃഷ്ണനാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെ എക്സ്റേ റൂമില്‍ അപകടത്തില്‍ പരിക്കുപറ്റി ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശിയോടും കൂട്ടിരിപ്പുകാരനോടുമാണ് പിജി ഡോക്ടർ മോശമായി പെരുമാറിയത്. കാലിന് പരിക്കേറ്റ് എത്തിയ രോഗിക്ക് സ്ഥാനംമാറി എക്സ്റേ എടുക്കാന്‍ എഴുതി നല്‍കിയതാണ് തര്‍ക്കത്തിന് കാരണമായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ പറഞ്ഞു.
ഇതിനെത്തുടര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരനും ഡോക്ടറും തമ്മില്‍ തര്‍ക്കമായി. രോഷാകുലനായ ഡോക്ടര്‍ കൂടുതല്‍ സംസാരിച്ചാല്‍ മുട്ടുകാല് തല്ലിയൊടിക്കും എന്നാണ് പറഞ്ഞത്.
തുടര്‍ന്ന് തര്‍ക്കം രൂക്ഷമാകുകയും ഡോക്ടര്‍ വെല്ലുവിളി നടത്തുകയും ചെയ്തു. രോഗികള്ക്കൊപ്പമുണ്ടായിരുന്നയാള് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
സംഭവം വിവാദമായതോടെയാണ് ആശുപത്രി സൂപ്രണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഡോക്ടറെ അന്വേഷണ വിധോയമായി സസ്പെന്റ് ചെയ്തതും.