വയറുവേദനയുമായി എത്തിയ എട്ടു വയസുകാരിയുടെ മരണം: കിംസ് ആശുപത്രിയ്ക്കെതിരെ പൊലീസ് കേസെടുത്തു; ഒരു മാസത്തിനിടെ നഗരത്തിൽ കേസെടുക്കുന്നത് രണ്ടാമത്തെ ആശുപത്രിയ്ക്കെതിരെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: വയറുവേദനയുമായി എത്തിയ എട്ടു വയസുകാരി ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചതായുള്ള പരാതിയിൽ കിംസ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ആർപ്പൂക്കര പനമ്പാലം കാവിൽ വിട്ടിൽ പരേതനായ ജുബേഷ് (എ.വി ചാക്കോ) ബീന (മറിയം) ദമ്പതികളുടെ മകൾ എയ്ൽ അൽഫോൺസ് ജുബേഷ് കിംസ് ആശുപത്രിയിൽ മരിച്ചത്. വയറുവേദനയുമായി എത്തിയ കുട്ടിയെ ആശുപത്രിയിൽ മണിക്കൂറുകളോളം ചികിത്സ നൽകിയില്ലെന്നും, മുതിർന്ന ഡോക്ടർമാർ ആരും തന്നെ പരിശോധിച്ചില്ലെന്നുമാണ് പരാതി. ഇതേ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ആരോപണം. ആശുപത്രി അധികൃതർ ഒതുക്കാൻ ശ്രമിച്ച വാർത്ത ആദ്യം പുറത്തെത്തിച്ചത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് പോലും സ്ഥലത്ത് എത്തിയത്.
വയറുവേദനയെ തുടർന്ന് മാസങ്ങളായി ഇ.എസ്.ഐയിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലും എയ്നെ ചികിത്സിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപാണ് എയ്ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ജുബേഷിന്റെ ചരമവാർഷിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകൾക്കുമായാണ് കുട്ടിയുടെ മാതാവ് ബീന കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവർ മാലിയിൽ നഴ്സാണ്. വയറുവേദന മാറാതെ വന്നതോടെ ബീനയുടെ മാതാപിതാക്കളാണ് കുട്ടിയെ കിംസിൽ കാണിക്കാൻ നിർദേശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടിയെയുമായി മാതാവ് കിംസ് ആശുപത്രിയിൽ എത്തിയത്. ജിസ് എന്ന ഡോക്ടറായിരുന്നു ആദ്യം കുട്ടിയെ പരിശോധിച്ചത്. തുടർന്ന് കുട്ടിയെ ഗ്യാസ്ട്രോ വിഭാഗത്തിലേയ്ക്ക് അയച്ചു. ഇവിടെ ശോഭനാ ദേവി എന്ന ഡോക്ടറാണ് പരിശോധിച്ചത്. ഗ്യാസിന്റെ പ്രശ്നമാണെന്ന് അറിയിച്ച ശോഭനാ ദേവി, ഉടൻ തന്നെ കുട്ടിയെയും കൂട്ടി വീട്ടിലേയ്ക്ക് മടങ്ങാൻ നിർദേശിച്ചു. വീട്ടിലെത്തി പൊടിയരിക്കഞ്ഞി നൽകിയാൽ മതിയെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു ഇവരുടെ ഉപദേശം. ഡോക്ടറുടെ മുറിയിൽ വച്ച് കുട്ടി ഛർദിച്ചിട്ട് പോലും ഇവർ കാര്യമായ പരിശോധന നടത്തിയില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബന്ധുക്കൾ കുട്ടിയെയുമായി വീണ്ടും ആശുപത്രിയിൽ എത്തി. എന്നാൽ, ഇവിടെ ചില ഡോക്ടർമാർ പരിശോധിച്ച ശേഷം കുട്ടിയെ നേരെ ഐ.സി.യുവിലേയ്ക്കും വെന്റിലേറ്ററിലേയ്ക്കും മാറ്റുകയായിരുന്നു. അരമണിക്കൂറിനു ശേഷം കുട്ടിയുടെ മരണം സംഭവിക്കുകയും ചെയ്തതായി ബന്ധുക്കൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ഇതേ തുടർന്നാണ് ബന്ധുക്കൾ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പ്രതിഷേധിച്ചത്. രാത്രി തന്നെ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായെന്ന പരാതിയിൽ വെസ്റ്റ്് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം തുടർ അന്വേഷണം ആരംഭിക്കും. ഒരു മാസത്തിനിടെ നഗരത്തിലെ രണ്ടാമത്തെ ആശുപത്രിയ്ക്കെതിരെയാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രസവത്തെ തുടർന്ന് പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായ സിനി വർഗീസ് മരിച്ച സംഭവത്തിൽ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കെതിരെ നിലവിൽ കേസ് അന്വേഷണം നടക്കുകയാണ്.