ഇനി അടുത്ത ജന്മത്തിലാകും സാധ്യത; ടെസ്റ്റില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ അതൃപ്തി വ്യക്തമാക്കി യുവി; കരിയറില്‍ താരം ആകെ കളിച്ചത് 40 ടെസ്റ്റ് മത്സരങ്ങള്‍ മാത്രം; താരത്തിന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ടെസ്റ്റില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ അതൃപ്തി വ്യക്തമാക്കി യുവരാജ് സിംഗിന്റെ പുതിയ ട്വീറ്റ്. മേയ് 19ന് വിസ്ഡന്‍ ഇന്ത്യ അവരുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിനൊപ്പം യുവരാജ് സിങ്ങിന്റെ ചിത്രവും ഏത് മുന്‍ ഇന്ത്യന്‍ താരം കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യവും ഉണ്ടായിരുന്നു.
ഇത് റീട്വീറ്റ് ചെയ്താണ് യുവരാജ് വിഷയത്തില്‍ തന്റെ നിലപാടു വ്യക്തമാക്കിയത്. ഇനി അടുത്ത ജന്മത്തിലായിരിക്കും സാധ്യത എന്നാണു താരത്തിന്റെ പ്രതികരണം. ഏഴുവര്‍ഷക്കാലം താന്‍ ടീമിലെ പന്ത്രണ്ടാമന്‍ ആയില്ലെങ്കില്‍, എന്നും യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2003 ല്‍ ന്യൂസീലന്‍ഡിനെതിരെയാണ് യുവരാജ് സിങ് ടെസ്റ്റില്‍ അരങ്ങേറ്റ മത്സരം കളിച്ചത്. കരിയറില്‍ താരം ആകെ കളിച്ചത് 40 ടെസ്റ്റ് മത്സരങ്ങള്‍ മാത്രം. 1900 റണ്‍സും 9 വിക്കറ്റുകളും യുവരാജ് സിങ് ടെസ്റ്റില്‍ നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും യുവരാജ് നേടിയിട്ടുണ്ട്.
2007 ട്വന്റി20 ലോകകപ്പും 2011 ലോകകപ്പും ഇന്ത്യ സ്വന്തമാക്കുമ്പോഴും യുവരാജ് സിങ് ഈ മികവ് ആവര്‍ത്തിച്ച് ടീമിനൊപ്പം നിന്നു. 17 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ 304 ഏകദിന മത്സരങ്ങളും 58 ട്വന്റി 20 മത്സരങ്ങളുമാണു യുവി കളിച്ചത്. യഥാക്രമം 8701, 1177 റണ്‍സുകളും താരം നേടി. ഏകദിനത്തില്‍ 111 ഉം ട്വന്റി20യില്‍ 28 ഉം വിക്കറ്റുകള്‍ സ്വന്തമാക്കി.
ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളതില്‍ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണു യുവരാജ് സിങ്. നിര്‍ണായകമായ പല അവസരങ്ങളിലും ഇന്ത്യന്‍ ടീം പ്രതിസന്ധികളില്‍ നില്‍ക്കുന്ന ഘട്ടങ്ങളിലും യുവരാജ് ടീമിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ട്.
ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ യുവരാജ് സിങ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നെങ്കില്‍ ടെസ്റ്റില്‍ അതായിരുന്നില്ല അവസ്ഥ. താരത്തിന് ആവശ്യത്തിന് അവസരം ലഭിച്ചില്ലെന്നു നേരത്തേ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.