തിരുനക്കര ഉത്സവം നടത്തിപ്പ് സംഘർഷാവസ്ഥയിൽ: കഴിഞ്ഞ വർഷം ഉത്സവം നടത്തിയതിൻ്റെ 65 ലക്ഷത്തിലധികം രൂപയുടെ കണക്ക് സമർപ്പിക്കാത്ത ഉപദേശക സമിതി ഭാരവാഹികൾ ഇത്തവണത്തെ ഉത്സവം മുടക്കാൻ ശ്രമിക്കുന്നതായി പരാതി; ഉപദേശക സമിതിക്കാരെ അമ്പലത്തിൻ്റെ ഏഴയലത്ത് അടുപ്പിക്കില്ലന്ന് ഭക്തർ: കണക്ക് സമർപ്പിക്കാത്ത ക്ഷേത്രോപദേശ സമിതി പ്രസിഡൻ്റ് കോട്ടയം നഗരം ഭരിക്കുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം അലമ്പാക്കാൻ മുൻ കമ്മിറ്റി ശ്രമിക്കുന്നതായുള്ള ആരോപണവുമായി തിരുനക്കര ക്ഷേത്രം സുരക്ഷാ സമിതി. ക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പ് അലമ്പാക്കാനും, ഉത്സവം ചടങ്ങ് മാത്രമായി നടക്കാൻ പോലും അനുവദിക്കാത്ത നിലപാടുകളാണ് ഒരു വിഭാഗം സ്വീകരിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. തിരുനക്കര ക്ഷേത്രത്തിലെ നിലവിലുള്ള കമ്മിറ്റിക്ക് കാലാവധി കോടതി നീട്ടി കൊടുത്തു എന്ന വ്യാജ പ്രചരണം നടത്തിയാണ് ഇവർ വിവാദമുണ്ടാക്കുന്നത്. കഴിഞ്ഞ വർഷത്തെ ഉത്സവം നടത്തിയതിൻ്റെ കണക്ക് ഇതുവരെയും ഉപദേശക സമിതി ദേവസ്വം ബോർഡന് നല്കിയിട്ടില്ല; ഉൽസവം നടത്തുന്നതിന് 65 ലക്ഷം രൂപയുടെ കൂപ്പണുകൾ ദേവസ്വം ബോർഡ് സീൽ ചെയ്ത് നല്കിയിരുന്നു.ഇത് സംബന്ധിച്ച് യാതൊരു കണക്കും ഇതുവരെ നല്കിയിട്ടില്ല.
തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഭരണം കൈവിടാതെ ഇരിക്കുന്നതിനായി കുതന്ത്രം മെനയുന്നതിൽ മുന്നിൽ നിൽക്കുന്നത് കോട്ടയം നഗരസഭ വൈസ് ചെയർമാൻ തന്നെയാണ് എന്നതാണ് ഏറെ രസകരം. എന്നാൽ നിലവിലുള്ള ക്ഷേത്ര ഉപദേശക സമിതി കമ്മിറ്റി അംഗങ്ങൾ തമ്മിലുള്ള പടല പിണക്കമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് പറയുന്നു. നിലവിൽ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന കേസ് ഒരു മാസം അവധിയ്ക്ക് മാറ്റി വച്ചിരിക്കുകയാണ്. കേസിൽ മാർച്ച് മാസം 31 ന് വാദം കേൾക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് പരിഗണിക്കാൻ മാറ്റി വച്ചത് കമ്മിറ്റിയുടെ കാലാവധി നീട്ടിയെന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുകയാണ് ചിലർ . കണക്ക് ഹാജരാക്കാത്ത കാലം വരെയും നിലവിലെ കമ്മിറ്റി പിരിച്ച് വിടാൻ കോടതി അനുവദിക്കില്ല എന്നതാണ് സത്യം. കാര്യങ്ങൾ ഇങ്ങനെ ഇരിക്കെ തിരുനക്കര ക്ഷേത്ര ഉത്സവം ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ ദേവസ്വം മാനേജരെ ചുമതലപ്പെടുത്തി കമ്മീഷണർ ഉത്തരവും ഇറക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര കലകൾ ഉൾപ്പെടുത്തി ഉത്സവം നടത്തുന്നതിനാണ് ബോർഡ് ഉത്തരവ്. ഇതു സംബന്ധിച്ചു കമ്മിഷണർ ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ക്ഷേത്ര ഉത്സവം ചടങ്ങ് മാത്രമായി പോലും നടത്താൻ അനുവദിക്കില്ല എന്ന രീതിയിൽ നീക്കം നടക്കുന്നത്. ഇത് അംഗീകരിക്കില്ലന്ന് തിരുനക്കര ക്ഷേത്ര സുരക്ഷാ സമിതി ആരോപിക്കുന്നു. ഇത് ഹിന്ദു സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കാലാവധി കഴിഞ്ഞിട്ടും കണക്ക് കാണിക്കാതെ ഹൈക്കോടതിയിലെ കേസ് മറയാക്കി ഇവർ നടത്തുന്നത് മുക്ക് മുറിച്ച് ശകുനം മുടക്കുന്നതിന് തുല്യമാണ് .
എന്നാൽ ദേവസ്വം ബോർഡ് നേരിട്ട് ഉൽസവം നടത്തുമെന്നും ഇത് സംബന്ധിച്ച് ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും, ക്ഷേത്ര കലകൾ ഉൾപ്പെടുത്തി പൂർവ്വാധികം ഭംഗിയായി ഉൽസവം നടത്തുമെന്നും, ഭക്തജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മോഹനൻ നായർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.