Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനും വിചാരണയ്ക്കുമൊടുവിലാണ് കഴിഞ്ഞ ദിവസം വിതുര പെൺവാണിഭ കേസിലെ വിധി വന്നത്. കേസിലെ ഒന്നാം പ്രതിയായ കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനെ (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ ) കോടതി 24 വർഷമാണ് കഠിന തടവിന് ശിക്ഷിച്ചത്.

വിതുരക്കേസ് നടക്കുന്ന സമയത്ത് ഇയാള്‍ സുരേഷ് ആയിരുന്നു. പൊലീസ് റെക്കോര്‍ഡിലെല്ലാം സുരേഷ് എന്ന് തന്നെയാണുള്ളത്. പിന്നീട് ഇയാള്‍ മതം മാറുകയും ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷാവിധിച്ചതിന് ശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ നിമിഷങ്ങൾ നീണ്ട മൗനത്തിന് ശേഷമാണ് സുരേഷ് തനിക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ‘അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസൽമാനാണ് ഞാൻ.

ഒരു അനാഥ പെൺകുട്ടിയെ വിവാഹം കഴിക്കുകയും, ആ ബന്ധത്തിൽ 13 വയസുള്ള മകളുമുണ്ട്. തമിഴ്‌നാട്ടിലെ താംബരത്ത് അനാഥാലയം ഏറ്റെടുത്തു നടത്തുന്നുണ്ട്. അനാഥാലയത്തിൽ ഒൻപത് കുട്ടികളുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, സ്‌കൂൾ, ജീവനക്കാരുടെ ശമ്പളം എന്നിവയൊക്കെ നിർവഹിക്കുന്നത് ഞാനാണെന്നും കോടതിയെ അറിയിക്കുകയായിരുന്നു.

എന്നാൽ സുരേഷ് കരുണ അർഹിക്കുന്നില്ലെന്നും വാദി ഭാഗത്തിന് വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും, പലർക്കായി കൈമാറുകയും ചെയ്തുവെന്നായിരുന്നു കേസ്.

പെൺകുട്ടിയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് അകന്ന ബന്ധുവായ അജിത ബീഗം എന്ന സ്ത്രീയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. 1995 നവംബർ 21നാണ് അജിത പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോന്നത്. പിന്നീട് സുരേഷിന് കൈമാറുകയായിരുന്നു.

1996 ജൂലായ് 9 വരെ ഒൻപത് മാസക്കാലം കേരളത്തിനകത്തും പുറത്തുമായി കൊണ്ടുപോയി പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു. ജൂലായ് 16ന് പെൺകുട്ടിയെ കേസിലെ പ്രതികളിലൊരാളായ സണ്ണി എന്നയാൾക്കൊപ്പം എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്.

വിചാരണയിൽ 36 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. പ്രധാന പ്രതിയായ സുരേഷ് ഒളിവിലായതിനാൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടതോടെ തനിക്കും ശിക്ഷ ലഭിക്കില്ലെന്ന് കരുതി 18 വർഷത്തിനുശേഷം കോടതിയിൽ ഇയാൾ കീഴടങ്ങുകയായിരുന്നു.

കേസിന്റെ മൂന്നാം ഘട്ട വിചാരണ നടക്കുന്നതിനിടയിൽ സുരേഷിനെ പെൺകുട്ടി തിരിച്ചറിയുകയായിരുന്നു. നടൻ ജഗതി ശ്രീകുമാർ കേസിൽ ഉൾപ്പെട്ടതോടെയാണ് കേസ് ഏറെ ജന ശ്രദ്ധ നേടിയത്.