കൊറോണാക്കാലത്ത് അഭയം നൽകും ലക്ഷം മാസ്കുകൾ.! കാഞ്ഞിരപ്പള്ളിയിലെ മാസ്ക് നിർമ്മാണത്തിന് ചുക്കാൻ പിടിച്ച് ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്; പ്രതിസന്ധിക്കാലത്ത് പ്രതീക്ഷയുടെ പുതിയ കിരണവുമായി കാഞ്ഞിരപ്പള്ളിയിലെ അഭയം
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: കൊറോണക്കാലത്ത് പ്രതീക്ഷയുടെ വെളിച്ചമാകുകയാണ് കോട്ടയത്തിന്റെ മണ്ണിൽ അഭയം ചാരിറ്റബിൾ സൊസൈറ്റി. വി.എൻ വാസവന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം അടക്കമുള്ളവയിൽ മുന്നിൽ നിന്നു നാടിന് നന്മ ചെയ്യുന്ന അഭയം സൊസൈറ്റിയ്ക്കു കാഞ്ഞിരപ്പള്ളിയിൽ നേതൃത്വം നൽകുന്നത് ആഭയം ഏരിയ ചെയർമാനും ജില്ലാ പഞ്ചായത്തംഗവുമായി കെ.രാജേഷാണ്.
സമൂഹത്തിന്റെ നാനാതുറകളിലുള്ള സേവന പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന അഭയം പ്രവർത്തകർ കാഞ്ഞിരപ്പള്ളിയിൽ നിന്നും രണ്ടു ലക്ഷത്തോളം മാസ്കുകളാണ് നിർമ്മിക്കുന്നത്. ദിവസവും രണ്ടായിരത്തോളം മാസ്കുകൾ ഇവിടെ നിന്നും നിർമ്മിച്ചു പുറത്തിറക്കുന്നുണ്ട്. മാസ്ക് നിർമ്മാണ ദൗത്യവുമായി പ്രദേശത്താകെ സിപിഎമ്മിന്റെ സന്നദ്ധ സംഘടനയായ ആഭയത്തിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ഘട്ടം രണ്ടു ലക്ഷം മാസ്കുകൾ നിർമ്മിക്കുന്നതിനാണ് അഭയം ലക്ഷ്യമിട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഏരിയയിലെ രണ്ടാമത്തെ മാസ്ക് നിർമ്മാണ യൂണിറ്റ് ചോറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. സിന്ധു സുരേഷ് പ്രസിഡന്റും, സിന്ധു അശോകൻ സെക്രട്ടറിയുമയുള്ള വസ്ത്രഗ്രാമം സൊസൈറ്റിയുടെ പ്രവർത്തകരാണ് ഇവിടെ മാസ്ക് നിർമ്മാണത്തിൽ സഹകരിച്ച് കൈ മെയ് മറന്ന് രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിലാണ് മാസ്ക് നിർമ്മാണത്തിന്റെ പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ മാതൃകാപരമായ ഈ സംരംഭത്തിന് മലനാടിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അഡ്വ. പി.ഷാനവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അഭയം കാഞ്ഞിരപ്പള്ളി ഏരിയാ ചെയർമാൻ കെ. രാജേഷ്, പി കെ ബാലൻ, ജയ്സൺ ജോസഫ്, സിന്ധു സുരേഷ്, സിന്ധു അശോക്, മഞ്ജു സന്തോഷ്, പി ആർ എസ് സുനിൽ കുമാർ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രതിദിനം 2000 മാസ്കുകൾ ഇവിടെ നിർമ്മിക്കുന്നുണ്ട്.
അഭയം ചാരിറ്റബിൾ സൊസൈറ്റി യുടെ ആദ്യ യൂണിറ്റ് ആരംഭിച്ചത് പുഞ്ചവയൽ പള്ളിയുടെ ഓഡിറ്റോറിയത്തിൽ ആണ്. ഇവിടെ കഴിഞ്ഞ ഒരാഴ്ച കാലമായി മാസ്ക് നിർമാണം നടന്നുവരികയാണ് . പതിനായിത്തിലധികം മാസ്കുകൾ ഇപ്പോൾത്തന്നെ ഇവിടെ നിർമിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയത്തംഗം പി ജി വസന്തകുമാരി, അജിത രതീഷ്, സുപ്രഭ രാജൻ, സ്വപ്ന ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുഞ്ചവയൽ യൂണിറ്റിൽ മാസ്ക് നിർമ്മാണം നടക്കുന്നത്.