
കൊറോണ: ആരാധന ഒഴിവാക്കി മാതൃകയായി നാഗമ്പടം സെന്റ് ആന്റണീസ് പള്ളി: പള്ളികൾ ആരാധന ഒഴിവാക്കണം; അമ്പലങ്ങൾ ഉത്സവങ്ങൾ മാറ്റി വയ്ക്കണം; തീയറ്ററുകളിൽ ഷോ വേണ്ട: അപേക്ഷയുമായി ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആരാധന ഒഴിവാക്കി മാതൃകയായി നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയം. എല്ലാ ചൊവ്വാഴ്ചയും നൂറു കണക്കിന് ആളുകൾ ആരാധനയ്ക്കായി ഒത്തു കൂടുന്ന പള്ളിയിലെ ആരാധന ഒഴിവാക്കിയതായി പള്ളി അധികൃതർ ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിനെ അറിയിച്ചു. ഈ പള്ളിയെ എല്ലാവരും മാതൃകയാക്കണമെന്നും ജില്ലാ കളക്ടർ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ അറിയിച്ചിട്ടുണ്ട്.
കൊറോണ രോഗം സ്ഥീരീകരിച്ച റാന്നിയിലെ കുടുംബം കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ എത്തിയ സാഹചര്യത്തിൽ കൂടുതൽ അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ജില്ലയിലെ പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ ഒത്തു കൂടുന്ന പരിപാടികൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുന്നതിനും, ഈ പരിപാടികൾ മാറ്റി വയ്ക്കുന്നതിനും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ പള്ളികൾ ആളുകൾ കൂടുന്ന ആരാധനയും, കൺവൻഷനുകളും കൂട്ട പ്രാർത്ഥനകളും മാറ്റി വയ്ക്കണമെന്ന് ജില്ലാ കളക്ടർ ഫെയ്ബുക്ക് പേജിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളും അന്നദാനങ്ങളിലും അടക്കം ഇത്തരം ചട്ടം പാലിക്കണം. ഇത് കൂടാതെ തീയറ്ററുകളിൽ ആളുകൾ കൂടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതു ചടങ്ങുകള്‍, ആരാധനാലയങ്ങള്‍, സിനിമ തിയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കണം.
ഈ നിര്‍ദേശം പാലിക്കുമെന്ന് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ട്രെയിനുകള്‍, ബസുകള്‍ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക. ഇങ്ങനെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക.